ആഗോള വെല്ലുവിളി നേരിടാൻ ഗവേഷണവും സംരംഭകത്വവും യോജിപ്പിക്കും: മന്ത്രി ഡോ. ബിന്ദു
ട്രിവാൻഡ്രം എഞ്ചിനീയറിംഗ് സയൻസ് ആൻഡ് ടെക്നോളജി (TrEST) റിസർച്ച് പാർക്ക് ആഭിമുഖ്യത്തിൽ അന്തർദേശീയ മെറ്റീരിയൽസ് ആൻഡ് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സമ്മേളനത്തിന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ തുടക്കമായി. ഗവേഷണവും സംരംഭകത്വവുമായുള്ള ആഗോള കേന്ദ്രമായി TrEST മാറുന്നതിൽ നിർണ്ണായകമായ സമ്മേളനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു സമ്മേളനം ഉദ്ഘാടനംചെയ്തു.
ആധുനിക ഗവേഷണവും സംരംഭകത്വവും ഒന്നിച്ചുപ്രവർത്തിച്ചാൽ ആഗോള വെല്ലുവിളികളെ എങ്ങനെ നേരിടാമെന്ന് മന്ത്രി ഡോ. ബിന്ദു വിശദീകരിച്ചു. ലോകമെമ്പാടുമുള്ള ഗവേഷകർ, സംരംഭകർ, വ്യവസായ പ്രമുഖർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവരെ ഒരുമിപ്പിച്ച ഈ സമ്മേളനം, മെറ്റീരിയൽസ് സയൻസിൽ പുതിയ നേട്ടങ്ങളും സംരംഭകത്വത്തിനുള്ള പുതിയ സാധ്യതകളും പരിശോധിക്കാനുള്ള ഒരു സജീവ വേദിയായിത്തീർന്നതിനെ മന്ത്രി അഭിനന്ദിച്ചു.
ട്രെസ്റ്റ് റിസർച്ച് പാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ശാലിജ് പി. ആർ. സ്വാഗത പ്രസംഗം നടത്തി. ഡോ. സാബു തോമസ് പ്രചോദനാത്മകമായ ആശയങ്ങളും പങ്കുവെച്ചു. സുരേഷ് ബാബു വി (പ്രിൻസിപ്പൽ, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം) ആശംസകൾ നേർന്നു. ഡോ. ഹന്ന ജെ. മരിയ നന്ദി പറഞ്ഞു.
ഒന്നാം ദിനത്തിൽ, നാനോ മെറ്റീരിയൽസ്, ബയോ മെറ്റീരിയൽസ്, ഫങ്ഷണൽ മെറ്റീരിയൽസ്, ഫോട്ടോണിക് സാങ്കേതികവിദ്യകൾ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച അതിഥി പ്രഭാഷണങ്ങളും പ്ലീനറി സെഷനുകളും ശ്രദ്ധേയമായി.
ഗവേഷകർക്കും വിദ്യാർത്ഥികൾക്കും സാങ്കേതിക പ്രബന്ധങ്ങളും പോസ്റ്റർ അവതരണങ്ങളും അടക്കം അവരുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കാൻ മികച്ച അവസരം ലഭിച്ചു.
ഗ്രീൻ ഇനോവേഷൻ, സംരംഭക സാമ്പത്തികം, ദീർഘകാല സുസ്ഥിര വികസനം എന്നിവയടക്കമുള്ള വിഷയങ്ങളിൽ ചർച്ചകളും പാനൽ സെഷനുകളും നടന്നു. പോസ്റ്റർ, ഷോർട്ട് ടോക്ക് മത്സരങ്ങളിൽ ഉള്ള പങ്കാളിത്തം ഉത്സാഹകരമായ അന്തരീക്ഷം സൃഷ്ടിച്ചു. ഡിസംബർ 15 വരെ നീളുന്ന ഈ സമ്മേളനം, അന്തർദേശീയ ജേർണലുകളിൽ ശ്രദ്ധേയമായ പേപ്പറുകൾ പ്രസിദ്ധീകരിക്കാൻ അവസരവും ഉയർന്ന നിലവാരത്തിലുള്ള ആധികാരിക പുസ്തകങ്ങളിൽ പങ്കാളിത്തത്തിനുള്ള സാധ്യതകളും നൽകും.