‘കെ.കെ. രമ ചെയറിലിരിക്കുമ്പോള്‍ പിണറായി സര്‍ എന്നുവിളിക്കണം’; ചരിത്രത്തില്‍ ഇടം നേടുന്ന തീരുമാനവുമായി സ്പീക്കര്‍

തിരുവനന്തപുരം: ചെയര്‍മാന്‍മാരുടെ പാനലിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ചരിത്ര തീരുമാനവുമായി സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ആദ്യ സമ്മേളനത്തില്‍ തന്നെ സ്പീക്കര്‍ പാനലില്‍ ഇത്തവണ മുഴുവന്‍ വനിതകളെയാണ് അദ്ദേഹം ഉള്‍പ്പെടുത്തിയത്. യു. പ്രതിഭ, സി.കെ. ആശ , കെ.കെ. രമ എന്നിവരെയാണ് പാനലില്‍ ഉള്‍പ്പെടുത്തിയത്. പാനലില്‍ വനിതകള്‍ വേണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചതും സ്പീക്കര്‍ എ എന്‍ ഷംസീര്‍ തന്നെ. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയില്‍ ഇല്ലാത്ത സമയം സഭാ നടപടികള്‍ നിയന്ത്രിക്കുവാനുള്ള ചുമതലയാണ് പാനല്‍ അംഗങ്ങള്‍ക്ക് നല്‍കുക.

സാധാരണഗതിയില്‍ മൂന്ന് പേര്‍ അടങ്ങുന്ന പാനലില്‍ പരമാവധി ഒരു വനിത അംഗം മാത്രമാണ് ഉള്‍പ്പെടാറുള്ളത്. ഒരു സമ്മേളനത്തില്‍ത്തന്നെ പാനലിലെ മൂന്ന് അംഗങ്ങളേയും വനിതകളില്‍ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ടത് കേരള നിയമസഭയില്‍ ആദ്യമായാണ്. ഒന്നാം കേരള നിയമസഭ മുതല്‍ സഭയുടെ നടപ്പു സമ്മേളനം വരെ ആകെ 515 അംഗങ്ങള്‍ പാനലില്‍ വന്നതില്‍ കേവലം 32 വനിതകള്‍ക്കു മാത്രമാണ് ഉള്‍പ്പെട്ടത്. ഈ അവസരത്തിലാണ് സ്പീക്കറുടെ തീരുമാനത്തിനുള്ള പ്രസക്തി.സ്പീക്കറായതിനുശേഷമുള്ള ആദ്യ സമ്മേളനത്തില്‍ത്തന്നെ ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയ തീരുമാനമാണ് ഷംസീര്‍ കൈക്കൊണ്ടത്.

ആര്‍എംപി നേതാവ് കെ.കെ. രമ പാനലില്‍ ഉള്‍പ്പെട്ടതും അപ്രതീക്ഷിതമായി. ഇനി കെ.കെ. രമ ചെയറില്‍ ഇരിക്കുമ്ബോള്‍ മുഖ്യമന്ത്രിക്ക് സംസാരിക്കേണ്ടി വന്നാല്‍ അദ്ദേഹവും സാര്‍ എന്ന് അഭിസംബോധന ചെയ്യേണ്ടി വരും. അങ്ങനെയൊരു സാഹചര്യമുണ്ടാകുമോ എന്നതാകും ഇനി ഉറ്റുനോക്കുക. പാനല്‍ തെരഞ്ഞെടുക്കുമ്ബോള്‍ പ്രതിപക്ഷത്തിന് ഒരംഗത്തെ നാമനിര്‍ദേശം ചെയ്യാമെന്നാണ് ചട്ടം. അങ്ങനെയാണ് കെ.കെ. രമ പാനലില്‍ ഉള്‍പ്പെട്ടത്. യുഡിഎഫ് അംഗമായ ഉമാ തോമസ് ഉണ്ടായിട്ടും രമയെ നാമനിര്‍ദേശം ചെയ്തു എന്നതും ശ്രദ്ധേയം. നേരത്തെ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സംസാരിക്കുന്നതിനിടെ ഷംസീര്‍ ഇടപെട്ടപ്പോള്‍ ഷംസീര്‍ സ്പീക്കറുടെ ജോലിയേറ്റെടുക്കേണ്ടെന്ന് സതീശന്‍ പറഞ്ഞത് ചര്‍ച്ചയായിരുന്നു. എം.ബി. രാജേഷ് മന്ത്രിയായതിനെ തുടര്‍ന്നാണ് ഷംസീര്‍ സ്പീക്കറായത്

error: Content is protected !!