ചെന്നൈ: ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐഎസ്‌ആര്‍ഒ നടത്തിയിരുന്ന വിക്ഷേപണങ്ങളില്‍ ശാസ്ത്രലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൗണ്ട്ഡൗണ്‍ അറിയിപ്പ് ശബ്ദത്തിന്റെ ഉടമ എന്‍.വളര്‍മതി അന്തരിച്ചു. ചെന്നൈയില്‍ ശനിയാഴ്ചയായിരുന്നു ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞയായിരുന്ന വളര്‍മതിയുടെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതമായിരുന്നു. രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3ന് വേണ്ടിയാണ് ഏറ്റവും ഒടുവില്‍ വളര്‍മതി കൗണ്ട്ഡൗണ്‍ അറിയിപ്പ് നടത്തിയത്.
ഐഎസ്‌ആര്‍ഒ മുന്‍ ഡയറക്ടര്‍ ഡോ. പി.വി വെങ്കിട്ടകൃഷ്ണന്‍ ആണ് വളര്‍മതിയൂടെ വിയോഗവാര്‍ത്ത ലോകത്തെ അറിയിച്ചത്. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള ഐഎസ്‌ആര്‍ഒയുടെ ഭാവി ദൗത്യങ്ങള്‍ക്ക് ഇനി വളര്‍മതിയുടെ ശബ്ദമുണ്ടാകില്ല. ചന്ദ്രയാന്‍ 3 ആയിരുന്നു അവരുടെ അവസാന കൗണ്ട്ഡൗണ്‍ അറിയിപ്പ്. അപ്രതീക്ഷിത വിയോഗമാണിത് അതീവ ദുഃഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
1959 ജൂലായ് 31നായിരുന്നു തമിഴ്‌നാട്ടിലെ അരിയലൂരില്‍ വളര്‍മതിയുടെ ജനനം. നിര്‍മ്മല ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പഠനത്തിനു ശേഷം കോയമ്ബത്തൂരിലെ ഗവ.കോള് ഓഫ് ടെക്‌നോളീസില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം നേടി. 1984ല്‍ ഐഎസ്‌ആര്‍ഒയില്‍ ചേര്‍ന്ന വളര്‍മതി നിരവധി ദൗത്യങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു. രാജ്യം ആദ്യമായി തദ്ദേശിയമായി വികസിപ്പിച്ച റഡര്‍ ഇമേജ് സാറ്റ്‌ലൈറ്റായ റിസാറ്റ്-1ന്റെ പ്രൊജക്‌ട് ഡയറക്ടറായിരുന്നു.
മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ ആദരവിനായി തമിഴ്‌നാട് സര്‍ക്കാര്‍ 2015ല്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം വളര്‍മതിക്കായിരുന്നു.
രാജ്യത്തിന്റെ സൗരപഠന ദൗത്യമായ ആദിത്യ എല്‍-1ന്റെ വിക്ഷേപണ സമയത്ത് വളര്‍മതിക്ക് പകരം മറ്റൊരാളായിരുന്നു കൗണ്ട്ഡൗണ്‍ അറിയിപ്പ് നല്‍കിയിരുന്നത്. ഈ സമയം മരണത്തെ കീഴടക്കാനുള്ള പരിശ്രമത്തിലായിരുന്നു വളര്‍മതി.