ചാരവൃത്തി: വനിതാ ട്രാവൽ വ്ലോഗർ പൊലീസിന്റെ പിടിയിൽ

ന്യൂഡൽഹി: ഇന്ത്യയുടെ സൈനിക വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയെന്ന കേസിൽ ട്രാവൽ വ്ലോഗറായ യുവതി അറസ്റ്റിൽ. ജ്യോതി മൽഹോത്ര എന്നറിയപ്പെടുന്ന ജ്യോതി റാണി(33)യാണ് ഹരിയാനയിലെ ഹിസാറിൽ നിന്ന് അറസ്റ്റിലായത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയും ഒരു സുരക്ഷാ ജീവനക്കാരനും ഉൾപ്പെടെ ആറ് പേർ ഇതേ കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായിരുന്നു.
യൂട്യൂബറായ ജ്യോതി പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഇഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷ് എന്ന ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടിരുന്നുവെന്നും 2023 മുതൽ രണ്ടുതവണ പാകിസ്ഥാനിലേക്ക് പോയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ചാരവൃത്തി നടത്തിയതിനും ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയതിനും റഹീമിനെ ഇന്ത്യ നാടുകടത്തിയിരുന്നു. 2023ലാണ് റഹീമിനെ കണ്ടുമുട്ടിയതെന്നും  അതിനുശേഷം രണ്ടുതവണ പാകിസ്ഥാനിലേക്ക് പോയതായും ജ്യോതി മൊഴി നൽകിയിട്ടുണ്ട്. അവിടെവച്ച് പാക്  രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി  കൂടിക്കാഴ്ച നടത്തിയെന്നും പിന്നാലെ ഇന്ത്യയിലെത്തിയ ശേഷം ഇവരുമായി നിരന്തരം സമ്പർക്കം പുലർത്തിയെന്നും ദേശവിരുദ്ധ വിവരങ്ങൾ അടക്കം കൈമാറിയെന്നുമാണ് ഇവരുടെ മൊഴി. രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതിനും ചാരവൃത്തി നടത്തി പാകിസ്ഥാൻ പൗരനുമായി ഇന്ത്യൻ രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറിയതിനും ഇവർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.

error: Content is protected !!