വന്ദേമാതരത്തെ എതിർക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ :-അനൂപ് ആന്റണി

തിരുവനന്തപുരം: കേരളത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആലപിച്ച വന്ദേമാതരത്തെ ചൊല്ലി മുൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉയർത്തിയ വിവാദ പരാമർശങ്ങൾ അത്യന്തം ദൗർഭാഗ്യകരവും അപലപനീയവുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തോടും ദേശാഭിമാന വികാരങ്ങളോടും ചേർന്നു നിൽക്കുന്ന വന്ദേമാതരത്തെ പോലും മതപരമായ കണ്ണാടി ധരിച്ച് കാണാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ ദേശീയ ബോധത്തിന്റെ ഭാഗമായ ഗാനത്തെ കുറിച്ച് അനാവശ്യ സംശയങ്ങളും ആശങ്കകളും ഉയർത്തുന്നത് സമൂഹത്തിൽ വിഭജന ചിന്തകൾക്ക് വഴിവെക്കുന്നതാണ്.

വന്ദേമാതര ഗാനം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്ന മഹത്തായ സാംസ്കാരിക പൈതൃകമാണെന്ന സത്യത്തെ മറച്ചുവയ്ക്കാനാവില്ല. മതമൗലികവാദ ശക്തികളെ സന്തോഷിപ്പിക്കാനും ഒരു പ്രത്യേക വോട്ട്ബാങ്കിനെ പ്രീതിപ്പെടുത്താനും വേണ്ടിയുള്ള രാഷ്ട്രീയ നിലപാടായിട്ടാണ് റിയാസിന്റെ പ്രസ്താവനയെ പൊതുസമൂഹം വിലയിരുത്തുന്നതെന്നും അനൂപ് ആന്റണി പറഞ്ഞു.

ദേശീയ വികാരങ്ങളോട് ആദരവില്ലാത്ത ചില തീവ്രവാദ-മൗലികവാദ നിലപാടുകൾക്ക് മുന്നിൽ സിപിഎം നിരന്തരം വഴങ്ങിക്കൊടുക്കുന്ന സമീപനത്തിന്റെ തുടർച്ചയാണ് ഈ പ്രസ്താവന. വന്ദേമാതരം പോലൊരു ദേശീയ പ്രചോദന ഗാനത്തെ പോലും എതിർക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് മതമൗലികവാദികളെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണെന്നത് പകൽപോലെ വ്യക്തമാണ്. ഇത്തരം അപകടകരമായ രാഷ്ട്രീയം കേരളത്തിന്റെ സാമൂഹിക ഐക്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞ പോലുള്ള ഔദ്യോഗിക ചടങ്ങുകളിൽ ദേശീയ വികാരങ്ങളെ ഉയർത്തിപ്പിടിക്കുന്ന കാര്യങ്ങളിൽ സർക്കാർ കൂടുതൽ അഭിമാനത്തോടെ നിലകൊള്ളേണ്ടതായിരുന്നു. എന്നാൽ അതിനെതിരെ ഭരണഘടനയുടെയും മതനിരപേക്ഷതയുടെയും പേരിൽ തെറ്റായ ആശങ്കകൾ സൃഷ്ടിക്കുന്നത് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.

വന്ദേമാതരത്തിന്റെ 150ആം വാർഷികത്തോട് അനുബന്ധിച്ച് അതിന്റെ പൂർണ്ണരൂപം ആലപിക്കാനും, അതിനെ ആക്ഷേപിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുണ്ട്. അത് മുൻ മന്ത്രിക്ക് അറിയാത്തതാണോ, മനഃപൂർവം മറന്നതാണോ എന്നും അനൂപ് ആന്റണി ചോദിച്ചു.

ദേശീയ ഗാനങ്ങളെയും ദേശീയ ചിഹ്നങ്ങളെയും ആദരിക്കുന്നതിൽ കേരളം ഒരിക്കലും പിന്നോട്ടുപോകരുത്. രാഷ്ട്രീയ ലാഭത്തിനായി ദേശാഭിമാനത്തെ സംശയത്തിന്റെ നിഴലിലാക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ നയിക്കുന്ന പുതിയ സർക്കാർ വികസനത്തിലും ജനക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കട്ടെയെന്നും, ദേശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന അനാവശ്യ വിവാദങ്ങളിൽ നിന്ന് ഇടതുപക്ഷം വിട്ടുനിൽക്കണമെന്നും അനൂപ് ആന്റണി കൂട്ടിച്ചേർത്തു.

News Desk

Recent Posts

ഗാലറിയിൽ ഇരുന്ന് ക്യാച്ചെടുക്കൂ, ഭാഗ്യശാലികൾക്ക് 6,000 രൂപ ക്യാഷ് പ്രൈസ്; ഗ്രീൻഫീൽഡിൽ കെസിഎൽ ആവേശം ഇരട്ടിയാക്കാൻ ലക്കി ക്യാച്ച്

@​എല്ലാ മത്സരങ്ങൾക്കും പ്രവേശനം സൗജന്യം ​തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ മത്സരങ്ങൾ…

24 minutes ago

ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ഭക്തർ; ദേവസ്വം മന്ത്രിയും പങ്കെടുത്തു

ഗുരുവായൂർ: ഉത്രാടദിനത്തിൽ ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ദേവസ്വം മന്ത്രി ശ്രീ. കെ. മുരളീധരൻ ഉൾപ്പെടെയുള്ള ഭക്തർ. രാവിലെ ശീവേലിക്ക്…

30 minutes ago

സെൻസസ് 2027: ആധാർ, ബാങ്ക് വിവരങ്ങൾ ശേഖരിക്കരുതെന്ന് സിപിഐ എം; സർവകക്ഷി യോഗം വിളിക്കണം

ന്യൂഡൽഹി: 2027ലെ സെൻസസ് നടപടികളുടെ ഭാഗമായി പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിൽ നിയന്ത്രണം വേണമെന്ന് സിപിഐ എം. ആധാർ നമ്പർ,…

4 hours ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 25-08-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്ന്, 2026 ഓഗസ്റ്റ് 25, വിവിധ നക്ഷത്രക്കാർക്ക് തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…

7 hours ago

ഇടപ്പഴഞ്ഞിയിൽ സായാഹ്ന തട്ടുകടകൾ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ

തിരുവനന്തപുരം: ഇടപ്പഴഞ്ഞി പ്രദേശത്ത് സായാഹ്ന തട്ടുകടകൾ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കത്തിൽ ആശങ്കയറിയിച്ച് എടപ്പഴഞ്ഞി റസിഡന്റ്സ് അസോസിയേഷൻ. വഴുതക്കാട് വാർഡ് കൗൺസിലർക്ക്…

14 hours ago

സിക്സറുകൾക്ക് വിക്കറ്റിലൂടെ മറുപടി; മൂന്ന് വിക്കറ്റ് നേട്ടവുമായി ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ

തിരുവനന്തപുരം: ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ തകർപ്പൻ ബൗളിംഗ് പ്രകടനവുമായി കെസിഎല്ലിലെ പുതുമുഖമായ ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ. മൂന്ന്…

14 hours ago