ഓണം വാരാഘോഷം: മീഡിയാ സെന്റര്‍ പ്രവർത്തനം തുടങ്ങി

മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ മുഹമ്മദ് റിയാസും ചേർന്ന് ഉദ്ഘാടനം ചെയ്തു

ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷന്‍സ് വകുപ്പ് കനകക്കുന്നില്‍ തയ്യാറാക്കിയ മീഡിയാ സെന്റർ പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പു മന്ത്രി വി. ശിവൻ കുട്ടിയും വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസും ചേർന്ന് ഉദ്ഘാടനം ചെയ്തു. സാമ്പത്തിക പരിമിതി ഉണ്ടെങ്കിലും ഓണാഘോഷം ഭംഗിയായി തന്നെ നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സാധാരണക്കാരായ ആളുകൾക്ക് ഓണക്കാലത്ത് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. നല്ല നിലയിൽ ആസൂത്രണം ചെയ്താണ് ഇത്തവണത്തെ ഓണാഘോഷ പരിപാടികളുടെ സംഘാടനമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരള മാതൃകയുടെ കണ്ണാടിയാണ് ഓണാഘോഷമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ജെറോമിക് ജോർജ്, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ പി.ബി നൂഹ്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി. അമ്പിളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മാധ്യമ പുരസ്‌കാരങ്ങള്‍

ഓണം വാരാഘോഷത്തിന്റെ കവറേജ് മികച്ച നിലയില്‍ നടത്തുന്ന മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത്തവണ ക്യാഷ് അവാര്‍ഡും മെമെന്റോയും നല്‍കുമെന്ന് വി.കെ പ്രശാന്ത് എം.എൽ.എ അറിയിച്ചു. മികച്ച അച്ചടി മാധ്യമം, അച്ചടി മാധ്യമ റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, മികച്ച ദൃശ്യമാധ്യമം, ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍, വീഡിയോഗ്രാഫര്‍, മികച്ച എഫ് എം, മികച്ച ഓണ്‍ലൈന്‍ മാധ്യമം എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍ നല്‍കുക.

error: Content is protected !!