മികച്ച നിയമസഭാ സാമാജികനുള്ള ആര്യാടന്‍ പുരസ്‌ക്കാരം പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ

വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടുമായി ഏഴു പതിറ്റാണ്ട് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന സമുന്നതനായ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് നമ്മെ വിട്ട് പിരിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. നാല് തവണ മന്ത്രിയും 34 വര്‍ഷം നിലമ്പൂരിന്റെ എം.എല്‍.എയുമായിരുന്ന ആര്യാടന്‍ നിയമസഭാ സാമാജികന്‍, ഭരണകര്‍ത്താവ്, തൊഴിലാളി നേതാവ്, സഹകാരി, സംഘാടകന്‍ തുടങ്ങിയ മേഖലകളിലെല്ലാം തന്റെ പ്രയത്‌നവും കഠിനധ്വാനവും കൊണ്ട് വ്യക്തിമുദ്രപതിപ്പിച്ച നേതാവാണ്.കോണ്‍ഗ്രസിന്റെ എക്കാലത്തെയും മികച്ച നിയമസഭാ സാമാജികരിലൊരാളായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ സ്മരണാര്‍ഥം ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്‍ മികച്ച പാര്‍ലമെന്റേറിയനുള്ള ആര്യാടന്‍ പുരസ്‌ക്കാരം നല്‍കുന്നു. പ്രഥമ ആര്യാടന്‍ പുരസ്‌ക്കാരത്തിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 2001ല്‍ പറവൂരില്‍ നിന്നും നിയമസഭാംഗമായ വി.ഡി സതീശന്റെ 22 വര്‍ഷത്തെ നിയമസഭാ പ്രവര്‍ത്തന മികവിനാണ് പുരസ്‌ക്കാരം. മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ നിയമസഭാ സെക്രട്ടറി പി.ഡി ശാര്‍ങധരന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് നിയമസഭാ പ്രവര്‍ത്തന മികവ് പരിഗണിച്ച് വി.ഡി സതീശനെ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്.ആര്യാടന്റെ ഓര്‍മ്മദിനമായ സെപ്തംബര്‍ 25ന് ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷനും മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും സംയുക്തമായി വൈകീട്ട് മൂന്നിന് മലപ്പുറം ടൗണ്‍ഹാളില്‍ നടത്തുന്ന അനുസ്മരണ സമ്മേളനത്തില്‍ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആര്യാടന്‍ പുരസ്‌ക്കാരം വി.ഡി സതീശന് സമ്മാനിക്കും. യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ അനുസ്മരണ പ്രഭാഷണം നടത്തും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മുന്‍ മന്ത്രി കെ.സി ജോസഫ് എന്നിവര്‍ പങ്കെടുക്കുമെന്ന് ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്‍ വര്‍ക്കിങ് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചു.

error: Content is protected !!