പുതുക്കുളങ്ങര ഗവൺമെന്റ് എൽ പി എസിൽ വർണ്ണകൂടാരം

അരുവിക്കര നിയോജകമണ്ഡലത്തിലെ പുതുക്കുളങ്ങര ഗവൺമെന്റ് എൽ പി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ മാതൃക പ്രീ പ്രൈമറി സ്കൂളിന്റെ ഉദ്ഘാടനം ജി സ്റ്റീഫൻ എം എൽ എ നിർവഹിച്ചു. 10 ലക്ഷം രൂപ വിനിയോഗിച്ച് എസ് എസ് കെയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതുക്കുളങ്ങര എൽ പി സ്കൂളിൽ വർണ്ണ കൂടാരം പണിതത്.

അരുവിക്കര മണ്ഡലത്തിലെ സ്കൂളുകളുടെ ഭൗതിക സൗകര്യ വികസനത്തിനായി സർക്കാർ എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്ന് എം എൽ എ പറഞ്ഞു. മണ്ഡലത്തിൽ 10 സ്കൂളുകൾക്കാണ് വർണ്ണകൂടാരം പദ്ധതി അനുവദിച്ചത്. മികവിന്റെ കേന്ദ്രങ്ങളായി സ്കൂളുകൾ മാറുകയാണെന്നും അടിത്തറയുള്ള പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് വർണ്ണ കൂടാരം പോലുള്ള പദ്ധതികൾ സഹായകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുഞ്ഞുങ്ങളുടെ ബുദ്ധി വികാസത്തിനും പഞ്ചേന്ദ്രിയ അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന ഇടങ്ങളായി സ്കൂളുകളെ മാറ്റുകയാണ് വർണ്ണ കൂടാരം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വർണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി പ്രൈമറി സ്കൂൾ നവീകരിച്ച കലാകാരൻ ബിജു ചിന്നത്തിനെ ജി. സ്റ്റീഫൻ എം എൽ എ ആദരിച്ചു.

ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ലളിത അധ്യക്ഷയായിരുന്നു. എസ് എസ് കെ തിരുവനന്തപുരം ജില്ലാ കോഡിനേറ്റർ ബി സുകുമാരൻ പദ്ധതി വിശദീകരണം നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം എ മിനി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ശേഖരൻ, മറ്റ് ജനപ്രതിനിധികൾ, ഹെഡ്മിസ്ട്രസ് രഞ്ജിനി എസ് ആർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

error: Content is protected !!