ഓടയില്‍ മാലിന്യം വലിച്ചെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയുമായി നഗരസഭ

മുട്ടത്തറയ്ക്ക് സമീപം കല്ലുമൂട് ഭാഗത്ത് ദേശീയപാതയിലെ ഓടയിൽ മാലിന്യം ചാക്കില്‍ കെട്ടി വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യം തിരുവനന്തപുരം മേയറുടെ വാട്‌സ്അപ്പിൽ ലഭിച്ചിരുന്നു. തുടർന്ന് നൈറ്റ് സ്ക്വാഡ്, സ്‌പെഷ്യൽ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മാലിന്യം വലിച്ചെറിയാൻ ഉപയോഗിച്ച ഓട്ടോറിക്ഷ (KL-01-Z-5620) കണ്ടെത്തി. തുടർ നടപടികൾക്കായി വാഹനം ഫോർട്ട് പൊലീസിന് കൈമാറി.

കരമന തളിയല്‍ റോഡ് ശ്രീ ഗണേഷ് ഭവന്‍ ഹോട്ടലിലെ മലിനജലം പൊതുഓടയിലേക്ക് ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയതില്‍ പരാതി ശരിയാണെന്ന് ബോധ്യപ്പെടുകയും നോട്ടീസ് നല്‍കിയിട്ടുള്ളതുമാണ്. ന്യൂനതകള്‍ പരിഹരിച്ചതിനുശേഷം മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

മാലിന്യം പൊതുനിരത്തിലും ജലാശയങ്ങളിലും വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടികളുമായാണ് നഗരസഭ മുന്നോട്ട് പോകുന്നത്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ ഫോട്ടോ/വീഡിയോ മേയറുടെ ഒഫീഷ്യൽ നമ്പറായ 9447377477-ൽ അയച്ചു നല്‍കേണ്ടതാണ്.

error: Content is protected !!