‘സ്നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ആഗസ്‌ത് 24 ശനിയാഴ്‌ച നിർവ്വഹിക്കും. പദ്ധതിക്ക് കീഴിൽ ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം ഘടകത്തിന്റെ മുൻകൈയിൽ നിർമ്മിച്ചുനൽകുന്ന ‘സ്‌നേഹക്കൂടാ’ണിതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഉച്ചയ്ക്ക് രണ്ടു മണിക്ക് കാട്ടുങ്ങച്ചിറ കോക്കാനിക്കാടിൽ ഉച്ചയ്ക്ക് രണ്ടിനാണ് താക്കോൽ കൈമാറ്റം.
സാങ്കേതിക സർവ്വകലാശാല എൻഎസ്എസ് വിഭാഗത്തിന്റെ മുൻകൈയിൽ നിർമ്മിച്ച ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിൽ നിർമ്മിച്ച ഒന്നാമത്തെ സ്നേഹക്കൂടിന്റെയും ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ മുൻകൈയിൽ നിർമ്മിച്ച രണ്ടാമത്തെ സ്നേഹക്കൂടിന്റെയും നിർമ്മാണം പൂർത്തിയാക്കി താക്കോലുകൾ ഇതിനകം തന്നെ കൈമാറിക്കഴിഞ്ഞു – മന്ത്രി അറിയിച്ചു.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്‌കീമിന്റെ യൂണിറ്റുകളുടെ മുൻകൈയിൽ, സന്നദ്ധസംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹായം സംയോജിപ്പിച്ചാണ് ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടപ്പാക്കുന്ന സ്നേഹക്കൂട് പദ്ധതി. സാങ്കേതിക കാരണങ്ങളാൽ മറ്റു ഭവനനിർമ്മാണ പദ്ധതികളിൽ ഉൾപ്പെടാൻ കഴിയാതെ പോയവരെ വീടെന്ന സ്വപ്‍നം സാക്ഷാത്കരിക്കാൻ സഹായിക്കാനാണീ പദ്ധതി – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.