തിരു: കുടിയേറ്റവും മനുഷ്യ ചരിത്രവും എന്ന പേരിൽ ഫിൽക്ക ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒക്ടോബർ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഒക്ടോബർ 27-ആം തീയതി ഞായറാഴ്ച തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ വച്ചു നടത്തിയ ചടങ്ങില്‍ വച്ച് മുൻ എം.പി. പന്ന്യന്‍ രവീന്ദ്രൻ നിർവഹിച്ചു. ലോക സിനിമ മനസിലാക്കുന്നതിനൊപ്പം നാല് പതിറ്റാണ്ട് മുമ്പ് നിലനിന്നിരുന്ന നമ്മുടെ മലയാള സാഹിത്യത്തെ ആസ്പദമാക്കി നിർമ്മിച്ചിരുന്ന മലയാള സിനിമയ്ക്കും ഗാനത്തിനും സംഗീതത്തിനും ഒക്കെ കേരളീയത ഉണ്ടായിരുന്നു. ആ ഭൂമിശാസ്ത്ര സാമൂഹിക ചാരുത വീണ്ടെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമ നിരൂപകനും നോവലിസ്റ്റുമായ വിജയ കൃഷ്ണൻ, നോവലിസ്റ്റും പത്രപ്രവർത്തകനും ചലച്ചിത്ര നിരൂപകനുമായ സാബു ശങ്കർ, ജോയിൻ്റ് കൗൺസിൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ, ഫിൽക്ക പ്രസിഡന്റ് ഡോ. രാധാകൃഷ്ണൻ, ഫിൽക്ക വൈസ് പ്രസിഡന്റ് ഗിരിജ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഫിൽക്ക ജോയിന്റ് സെക്രട്ടറി ജ്യോതിഷ് കുമാർ പി.എസ്. അതിഥികള്‍ക്കും ഭാരവാഹികൾക്കും കാണികള്‍ക്കും നന്ദി അര്‍പ്പിച്ചു.
ഒക്ടോബർ മാസത്തിലെ കോളേജ് വിദ്യാർഥികൾക്കുള്ള ലോകസിനിമ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ്, ഗിഫ്റ്റ് എന്നിവ ചടങ്ങിൽ വിതരണം ചെയ്തു. പാർത്ഥിവ് പ്രകാശ്, ഹരിപ്രിയ സി. എന്നിവർക്കാണ് ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചത്. ആർഷ എസ്.എ., ലോപമുദ്ര എം.എൽ. എന്നിവർക്ക് രണ്ടാം സമ്മാനവും, അമൽ മുഹമ്മദ് എ. എസ്., അഭിരാമി എസ് എന്നിവർക്ക് മൂന്നാം സമ്മാനവും ലഭിച്ചു. ശ്രെയസ് ഡി.പി., അലി ആസാദ് എൻ.എഫ്. എന്നിവർക്ക് സമാശ്വാസ സമ്മാനവും ലഭിച്ചു.
ഫെസ്റ്റിവലിന്റെ ഭാഗമായി മീ ക്യാപ്റ്റൻ, ബ്ലൈൻഡ്‌നെസ് , ഗ്രേപ്സ് ഓഫ് റാത്ത്, സുബർണരേഖ എന്നീ സിനിമകൾ പ്രദർശിപ്പിച്ചു.