കാടുവെട്ടിതെളിച്ചാണ് നാടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. നാടിന്റെ സാമുഹിക ജീവിതം നിലനിറുത്താന്‍ മനുഷ്യന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് കലാരൂപങ്ങളും പാട്ടുകളും. ഇതൊരു വലിയ സാംസ്‌കാരിക പ്രവര്‍ത്തനം കൂടിയാണ്. അന്യംനിന്നു പോകുന്ന ഇത്തരം നാടന്‍കലാരൂപങ്ങള്‍ നിലനിറുത്താന്‍ വേദികള്‍ ആവശ്യമാണ്. പുതിയ തലമുറയ്ക്ക് കൈമാറാന്‍ പരിശീലനവും പഠനവും ഗവേഷണവും അത്യാവശ്യമാണ്. ഇവയുടെ താളം ഈണം മുഖത്തെഴുത്ത് എന്നിവ പഠനവിധേയമാക്കേണ്ടതാണ്. നിരവധി നാട്ടുഭാഷകള്‍ നാട്ടുസംഗീതങ്ങള്‍ കലാരൂപങ്ങളുടെ വേഷക്കൊപ്പുകള്‍ ഛായക്കൂട്ടുകള്‍ വരുതലമുറയ്ക്ക് സംഭാവന നല്‍കാന്‍ ഉപകരിക്കും. അന്യം നിന്നു പോകുന്ന കേരളത്തിലെ നാടന്‍കലകളെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും സഹകരിച്ച് 2025 ജനുവരി 7 മുതല്‍ 10 വരെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ കേരള ഫോക്‌ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. ജനുവരി 7 ചൊവ്വാഴ്ച വൈകുന്നേരം 6.30 മണിക്ക് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മെമ്പര്‍ സെക്രട്ടറി പി.എസ്.മനേക്ഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. വി.കെ.പ്രശാന്ത് എം.എല്‍.എ കേരള ഫോക് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ഭരണസമിതി അംഗം സുരേഷ് സോമ സ്വാഗതവും ജി വിവേക് ആശംസയും അര്‍പ്പിച്ചു. പന്തളം ബാലന്‍ മുഖ്യാതിഥിയായി എത്തി. സൗത്ത് സോണ്‍കള്‍ച്ചറല്‍ സെന്റര്‍ ഓഫീസര്‍ ശ്യാം സുന്ദര്‍ നന്ദിരേഖപ്പെടുത്തി. വിസ്മൃതിയിലാണ്ടുപോയതും ഒരു കാലത്ത് തെക്കന്‍ കേരളത്തില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്നതുമായ ഒരു കലാരുപമാണ് ചരട് പിന്നിക്കളി. നീണ്ട പരിശീലനത്തിലൂടെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട മേഘ രാംജിത്തും സംഘവുമുള്‍പ്പെട്ട കലാ പ്രവര്‍ത്തകര്‍ ഈ പരമ്പരാഗത കലാരൂപത്തെ അരങ്ങിലെത്തിച്ചത്. ഉണ്ണിക്കണ്ണനും ഗോപികമാരും വശ്യമായ ചുവടുകളോടെ ചരടുകള്‍ പിന്നി അരങ്ങില്‍ നിറഞ്ഞാടിയത് ഏറെ ശ്രദ്ധേയമായി.തെക്കന്‍ തിരുവിതാംകൂറിന്റെ നാടന്‍ കലാരൂപവും ഇന്ന് കേരളത്തിനകത്തും ഇന്ത്യയിലാകമാനവും വിദേശരാജ്യങ്ങളിലും പ്രശസ്തവുമായ വില്‍പ്പാട്ട് കേരള സര്‍ക്കാരിന്റെ ഫോക്ക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവായ സുരേഷ് വിട്ടിയറവും സംഘവും കതിവനൂര്‍ വീരന്‍ കഥയിലൂടെ അവതരിപ്പിച്ചു.രണ്ടാംദിവസം (8.1.2025) നാട്ടുമലയാളം പരിപാടി സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. എല്ലാ മനുഷ്യര്‍ക്കും അസ്വദിക്കാന്‍ കഴിയുന്ന കലാരൂപങ്ങളാണ് നാടന്‍ കലകള്‍. പരമ്പരാഗതമായ അറിവുകളാണ് ഇതിലൂടെ പങ്കുവയ്ക്കപ്പെടുന്നതെന്ന് ദിവ്യ എസ്. അയ്യര്‍ ഐ.എ എസ് അഭിപ്രായപ്പെട്ടു. വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ മെമ്പര്‍ സെക്രട്ടറി പി.എസ്. മനേക്ഷ് അദ്ധ്യക്ഷനായി. കോളീജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സുധീര്‍ കെ. ഐ.എ.എസ്, ഭരണ സമിതിയംഗങ്ങള്‍ രാജേഷ് ചിറപ്പാട്, അഡ്വ. സുരേഷ് സോമ അക്കൗണ്ടന്റ് വേണുഗോപാലന്‍ എസ് എന്നിവര്‍ സംസാരിച്ചു.കേരള ഗ്രാമങ്ങളില്‍ നിന്നും അന്യമായി പോകുന്ന നാടന്‍കലകളായ തെയ്യം, തിറ, പൂതന്‍, കരിങ്കാളിയാട്ടം, കാവടിയാട്ടം, കാളകളി, ആനകളി, കരകാട്ടം, പന്തക്കാളിയാട്ടം, മയിലാട്ടം, നാടന്‍പാട്ടുകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള നാട്ടുമലയാളം പരിപാടി ജനാര്‍ദ്ദനന്‍ പുതുശ്ശേരിയും സംഘവുമാണ് അവതരിപ്പിച്ചത്. രാജുവള്ളുവനാട്, സുബി, സുഭില, ശ്രീലക്ഷ്മി, സുഭാഷ്‌നാഥ്, അമൃതദാസ്, രാജേഷ് തുടങ്ങി ഇരുപതോളം കലാകാരന്മാരാണ് വേദിയിലെത്തിയത്.മൂന്നാം ദിവസത്തെ (9.1.2025) പരിപാടികള്‍ പ്രശസ്ത ചലച്ചിത്രനാടകസീരയില്‍ നടന്‍ ജോബി ഉദ്ഘാടനം ചെയ്തു. കേരളീയമായ നാടോടി കലാരൂപങ്ങളില്‍ പാലക്കാട് ജില്ലയില്‍ മാത്രം ഇന്നും സജീവമായി അവതരിപ്പിക്കുന്ന നാടന്‍ കലാരൂപമാണ് കണ്യാര്‍കളി. ഭാസ്‌കരനും സംഘവും അവതരിപ്പിച്ച കണ്യാര്‍കളി ഏറെ ശ്രദ്ധേയമായി. കേരളത്തിലെ ഒരു പരമ്പരാഗത സംഗീതരൂപമായ മുളസംഗീതം പ്രശസ്ത നാടന്‍പാട്ടുകലാകാരന്‍ കടമ്പനാട് ജയചന്ദ്രനും സംഘവും അവതരിപ്പിച്ചു.നാലാം ദിവസത്തെ (10.1.2025)പരിപാടികള്‍ വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ മെമ്പര്‍ സെക്രട്ടറി പി.എസ്. മനേക്ഷ് നിര്‍വഹിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ഭരണസമിതി അംഗം സി.എന്‍. രാജേഷ് ആശംസകള്‍ അര്‍പ്പിച്ചു. പെരിനാട് സീതകളി അക്കാദമിയിലെ കലാകാരന്മാര്‍ സീതകളി അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി മൂന്നരപ്പതിറ്റാണ്ടോളം കാലം ഒരിക്കല്‍ പോലും അവതരിപ്പിക്കപ്പെടാതെ നാശത്തിലേക്ക് പോയ അവതരണകലയായിരുന്നു സീതകളി. രാമായണ കഥയിലെ വനയാത്ര മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള കഥാഭാഗങ്ങള്‍ ഉള്‍പ്പെടുത്തി എഴുതി ചിട്ടപ്പെടുത്തിയ പാട്ടിനും താളത്തിനുമൊത്ത് വേഷക്കാര്‍ ഭാവ തീവ്രതയോടെ ചുവടുവച്ച് നൃത്തമാടിയത് ആസ്വാദ്യകരമായി.അന്യം നിന്നുപോകുന്ന കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടര്‍ന്നും ഫോക് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്ന് മെമ്പര്‍ സെക്രട്ടറി മനേക്ഷ് പി.എസ്സിന്റെ അഭിപ്രായത്തോടെ നാലു ദിവസം നീണ്ടു നിന്ന നാട്ടുത്സവത്തിന്റെ നല്ലിടങ്ങളായ കേരള ഫോക്‌ഫെസ്റ്റിന് തിരശ്ശീല വീണു.