സ്വയം ആനന്ദിച്ചും മറ്റുള്ളവരെ ആനന്ദിപ്പിച്ചും ജീവിതം ആഘോഷമാക്കിയ വ്യക്തിയാണ് പ്രൊഫ വി ആനന്ദക്കുട്ടൻ എന്ന് ഡോ. എഴുമറ്റൂർ രാജരാജവർമ്മ. പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രൊഫ. വി ആനന്ദക്കുട്ടൻ നായർ അനുസ്മരണം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധഃസ്ഥിതരായ ജനങ്ങളുടെ ശബ്ദമാകണം കവി എന്നതാണ് ആനന്ദക്കുട്ടൻ നായരുടെ തത്ത്വശാസ്ത്രം എന്ന് ‘കവി’ എന്ന കവിതയെ ഉദാഹരിച്ചു കൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തിയ സംഗീത സംവിധായകൻ നെല്ലൂലി പി രാജശേഖരൻ പറഞ്ഞു.
പ്രൊഫ. വി ആനന്ദക്കുട്ടന്റെ കുടുംബാംഗങ്ങൾ ഭദ്രദീപം തെളിച്ച് ആരംഭിച്ച ചടങ്ങിൽ വി ഗോപകുമാർ തോട്ടയ്ക്കാട് പ്രാർത്ഥനയും ജി ശ്രീറാം കാവ്യപൂജയും നടത്തി. വി ആനന്ദക്കുട്ടൻ നായരുടെ മകൻ ഡോ. എ ആനന്ദകുമാർ പിതൃസ്മരണ പ്രഭാഷണം നടത്തി. ഡോ. സി ഉദയകല സ്വാഗതവും ശ്രീമന്ദിരം രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി അനുസ്മരണ വീഡിയോ പ്രദർശനവും അനിൽ കരുംകുളത്തിന്റെ നേതൃത്വത്തിൽ കാവ്യാഞ്ജലിയും നടന്നു.