സർവ്വകലാശാലാ നിയമ ഭേദഗതി ബില്ലിൻമേല്‍ വ്യാജപ്രചാരണം നടത്തുന്നു

സർവ്വകലാശാലാ നിയമ ഭേദഗതി ബില്ലിൻ്റെ വിശാല ലക്ഷ്യങ്ങളെ തമസ്കരിക്കാനാണ് മന്ത്രിയ്ക്ക് അനുകൂലമായ വ്യവസ്ഥയുണ്ടെന്ന് വ്യാജപ്രചാരണം നടത്തുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

സർവ്വകലാശാലാ നിയമങ്ങളിലും ചട്ടങ്ങളിലുമുള്ള കാലഹരണപ്പെട്ട പല ഭാഗങ്ങളും ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്കരണത്തിന് തടസ്സമാണെന്നു കണ്ടാണ് ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷനുകളുടെ ശുപാർശ പ്രകാരം സർവ്വകലാശാലാ നിയമ ഭേദഗതി ബിൽ കൊണ്ടുവരുന്നത്. ഏറ്റവും വേഗത്തിലും ലളിതമായും വിദ്യാർത്ഥി സമൂഹത്തിന് സേവനങ്ങൾ ഉറപ്പാക്കലും വികേന്ദീകൃത ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തലും ഗവേഷണ മേഖലയിൽ കാലികമായ മാറ്റത്തിന് കളമൊരുക്കലും അടക്കമുള്ള വിശാലമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയുള്ളവയാണ് ബില്ലിലെ വ്യവസ്ഥകൾ.

കോളേജ് അധ്യാപകർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷപദവി വഹിക്കുന്ന കാലയളവ് വേതനമില്ലാത്ത അവധിയായി കണക്കാക്കാമെന്ന ബില്ലിലെ ഒരു വ്യവസ്ഥയാണ് വ്യക്തിപരമായ ആരോപണത്തിനും ബില്ലിനെ ഇകഴ്ത്താനും ചില മാധ്യമങ്ങളും ഏതാനും പ്രതിപക്ഷ എംഎൽഎമാരും കാരണമാക്കുന്നത്.

മികച്ച വൈജ്ഞാനിക സമ്പത്തിനുടമകളായ അധ്യാപകരെ വികേന്ദ്രീകൃത ഭരണ സംവിധാനത്തിനു കൂടി ഉപയുക്തമാക്കുന്നത് ജനാധിപത്യസംവിധാനത്തിൻ്റെ മികവ് കൂട്ടുകയേയുള്ളൂ എന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാവില്ല. എന്നാലിത്, സേവനകാലാവധി മൂന്നുവർഷം കൂടി ബാക്കി നിൽക്കെ 2021ൽ സ്വയം വിരമിക്കൽ നേടി പിരിഞ്ഞ കോളേജ് അധ്യാപികയായ എനിക്ക് അനുകൂലമാക്കാനാണെന്ന് ദുർവ്യാഖ്യാനിക്കുന്നതിൽ ദുഷ്ടബുദ്ധിയുണ്ട്. കാരണം, ഒരു മുൻകാലപ്രാബല്യവും ഈ വ്യവസ്ഥയിൽ ഇല്ലെന്നത് മറച്ചുവച്ചാണ് ഈ പ്രചാരണം. ഏതാനും ചില കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വ്യാജവിവരങ്ങൾ വാസ്തവമായി അവതരിപ്പിക്കുന്നതിലെ അധാർമ്മികത ഇതു പ്രചരിപ്പിക്കുന്നവർ പരിശോധിക്കണം.

നിലവിലെ സര്‍വ്വകലാശാല നിയമങ്ങളെല്ലാം എഴുപതുകളിലും എൺപതുകളിലുമാണ് രൂപീകരിച്ചത്. 1994 ലാണ് കേരളത്തിൽ സമഗ്രമായ പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നത്. അപ്പോഴാണ് നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍, കോര്‍പ്പറേഷന്‍ മേയര്‍ തുടങ്ങിയ തസ്തികകള്‍ നിലവിൽ വരികയും അവ മുഴുവന്‍സമയ പ്രവര്‍ത്തനമായി മാറുകയും ചെയ്തത്. അതിനു ശേഷം സംസ്ഥാനത്തു വരുന്ന ഏറ്റവും സമഗ്രമായ സര്‍വ്വകലാശാലാനിയമ ഭേദഗതിക്കായി നിയമനിർമ്മാണം വരുമ്പോൾ അത്തരം പദവികൾക്കു കൂടി ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചത് സ്വാഭാവികമായാണ്. പക്ഷെ, ഈ ആനുകൂല്യം ഗവര്‍ണര്‍ ഒപ്പിടുന്ന അന്നുമുതല്‍ മാത്രമാണ് പ്രാബല്യത്തില്‍ വരിക. അതുകൊണ്ടുതന്നെ മുമ്പ് മേയര്‍മാരോ പഞ്ചായത്ത് പ്രസിഡന്റുമാരോ ആയിരുന്നവര്‍ക്ക് ഇതിൻ്റെ ആനുകൂല്യം ലഭിക്കുകയില്ലെന്നത് സുവ്യക്തമാണ്.

സർക്കാർ നടത്തുന്ന വിവിധങ്ങളായ ഇടപെടലുകൾ രാജ്യത്തെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായി കേരളത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിനു നേതൃത്വം വഹിക്കാനായതിൻ്റെ അഭിമാനം തീർച്ചയായും എനിക്കുണ്ട്. കൃത്രിമമായ ആരോപണങ്ങളുയർത്തി ഈ പ്രവർത്തനങ്ങൾ നയിക്കുന്നതിലെ ധാർമ്മികവീര്യം കെടുത്താമെന്നത് ആരുടെതായാലും വെറും വ്യാമോഹം മാത്രമാണ് – മന്ത്രി ഡോ. ബിന്ദു പ്രസ്താവനയിൽ പറഞ്ഞു.

error: Content is protected !!