വെള്ളായണി കാർഷിക കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്
മെയ് 26 മുതൽ 28 വരെ നടക്കുന്ന കാർഷിക ശാസ്ത്ര പ്രദർശന മേളയുടെ ഉദ്ഘാടനം കോവളം എംഎൽഎ, എം വിൻസൻറ് നിർവഹിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോമശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാർഷിക കോളേജ് ഡീൻ ഡോ. റോയ് സ്റ്റീഫൻ, കല്ലിയൂർ കൃഷി ഓഫീസർ മേരിലത, വാർഡ് മെമ്പർ ശ്രീജൻ എസ്, ഇൻസ്ട്രക്ഷൻ ഫാം മേധാവി ഡോ. ഉഷ സി തോമസ് എന്നിവർ സംസാരിച്ചു.
കാർഷിക സാങ്കേതികവിദ്യകൾ, ഹെറിറ്റേജ് മ്യൂസിയം, പ്രദർശന തോട്ടങ്ങൾ, ഹോർട്ടികൾച്ചർ തെറാപ്പി യൂണിറ്റ്, കാർഷിക യന്ത്രങ്ങൾ, ക്രോപ്പ് മ്യൂസിയം, മില്ലറ്റ് മ്യൂസിയം, സോയിൽ മ്യൂസിയം, വിവിധ വിളകളുടെ വിത്തിനങ്ങൾ, പലയിനം പഴവർഗങ്ങൾ, കൂണൂകൾ, കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ എന്നിങ്ങനെ നിരവധി വിജ്ഞാന കാഴ്ചകളാണ് കാർഷിക കോളേജിലെ 24ൽപരം ഡിപ്പാർട്ട്മെന്റുകളിലായി ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം കർഷകരുടെ സംശയനിവാരണത്തിനായി അഗ്രി ക്ലിനിക്കുകൾ, കർഷക-ശാസ്ത്രജ്ഞ മുഖാമുഖം എന്നിവയും ഉണ്ടായിരിക്കും.
27ന് മില്ലറ്റ്, വാഴ എന്നീ വിളകളെ കുറിച്ചുള്ള സെമിനാറും മില്ലറ്റ് പാചക മത്സരവും ഉണ്ടായിരിക്കുന്നതാണ്. വിനോദവും വിജ്ഞാനവും പകരുന്ന ക്വിസ് മത്സരങ്ങൾ, നിർമ്മിത ബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ള ഗെയിമുകൾ, വീഡിയോ പ്രദർശനങ്ങൾ എന്നിവ
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകം പകരുന്നു.

പച്ചക്കറി വിത്തുകളും തൈകളും, ഫലവൃക്ഷതൈകൾ, തെങ്ങിൻ തൈകൾ, അലങ്കാര ചെടികൾ, എന്നിങ്ങനെയുള്ള നടീൽ വസ്തുക്കളും ജീവാണു വളങ്ങൾ, സൂക്ഷ്മ മൂലക മിശ്രിതങ്ങൾ, ജൈവ കീട രോഗ നിയന്ത്രണ ഉപാധികളും ഇവിടെ വിൽപ്പനയ്ക്കായി ലഭ്യമാണ്.
പ്രായോഗിക പരിശീലന കോഴ്സിന്‍റെ ഭാഗമായി കാർഷിക വിദ്യാർത്ഥികൾ തയ്യാറാക്കിയ ഭക്ഷ്യോൽപ്പന്നങ്ങൾ, അലങ്കാര ചെടികൾ, കരകൗശല വസ്തുക്കൾ മുതലായവയും വില്പനയ്ക്കായി ഒരുക്കിയിരിക്കുന്നു. രുചികരമായ നിരവധി വിഭവങ്ങളുമായി കുടുംബശ്രീയുടെ ഫുഡ് കോർട്ടും ഇവിടെയുണ്ട്. രാവിലെ 10 മുതൽ 5 മണി വരെയാണ് പ്രദർശന സമയം.



