ഭിന്നശേഷിക്കാർക്ക് സെയിൽസ് പ്രൊമോട്ടർ ജോലി:
വി ഐയുമായി ധാരണാപത്രം ഒപ്പിട്ടു

ഭിന്നശേഷിക്കാർക്ക് സെയിൽസ് പ്രൊമോട്ടർ തൊഴിൽ നൽകുന്നതിന് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും വൊഡാഫോൺ ഐഡിയ ലിമിറ്റഡും ധാരണാപത്രത്തിൽ ഒപ്പിട്ടു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പതിനെട്ടു വയസ്സ് പൂർത്തിയാക്കിയ  18 വയസ്സ് പൂർത്തിയാക്കിയവർക്ക് സെയിൽസ് പ്രൊമോട്ടർ  തസ്തികയിൽ തൊഴിൽ നൽകുന്ന പദ്ധതിയെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. സ്മാർട്ഫോൺ ഉപയോഗിക്കാനും ആശയവിനിമയം നടത്താനും സാധിക്കുന്ന വ്യക്തികൾക്കാണ് പദ്ധതിയിൽ തൊഴിൽ നൽകുക. മുപ്പത് മൊബൈൽ നമ്പറുകൾ പോർട്ട് ചെയ്യാനോ സിം കാർഡ് വിൽക്കാനോ കഴിയുന്നവർക്ക് കുറഞ്ഞത് 7000 രൂപ മാസശമ്പളം ഉറപ്പു വരുത്തുന്ന വിധമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കൂടുതൽ സിം ആക്ടിവേറ്റ് ചെയ്യുന്നതിലൂടെ കൂടുതൽ വരുമാനം കണ്ടെത്താൻ സാധിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനവും സിം, ട്രെയിനിങ് കിറ്റ് തുടങ്ങിയവയും കമ്പനി നൽകും.  മൊബൈൽ ആപ്പ് വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഇടവിട്ടുള്ള സമയങ്ങളിൽ അപ്ഡേഷൻ അറിയിപ്പുകൾ ഉണ്ടാകും. അതിനാൽ പൂർണ്ണമായി കാഴ്ചപരിമിതി ഉള്ളവർക്ക് സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ടേക്കാമെങ്കിലും ചെറിയ രീതിയിലെങ്കിലും കാഴ്ചയുള്ളവർക്ക് പരിശീലനത്തിലൂടെ ജോലി സുഗമമായി ചെയ്യാനാവും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

പദ്ധതിയിൽ ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ കൂടി പങ്കാളിയാവുന്നതിലൂടെ ജോലിയൊന്നും ലഭിക്കാത്ത നിരവധി ഭിന്നശേഷിക്കാർക്ക് സുതാര്യമായ തെരഞ്ഞെടുപ്പിലൂടെ ജോലി നൽകാനും  നിശ്ചിത വരുമാനം ഉറപ്പാക്കാനും സാധിക്കും.  പദ്ധതി കാലാവധി വരെയുള്ള പദ്ധതി മേൽനോട്ടം ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ നിർവ്വഹിക്കും – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

error: Content is protected !!