സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷ സമാപനം കുറിച്ചുള്ള സാംസ്‌കാരിക ഘോഷയാത്ര ഒമ്പതാം തീയതി ചൊവ്വാഴ്ച വെള്ളയമ്പലത്തു നിന്നും ആരംഭിച്ച് കിഴക്കേകോട്ടയിൽ അവസാനിക്കും.
തലസ്ഥാനനഗരിയെ താളലയ- വിസ്മയങ്ങളിൽ ആറാടിച്ചുകൊണ്ട് ആയിരത്തിൽപ്പരം കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ അറുപതോളം ഫ്‌ളോട്ടുകളും ഘോഷയാത്രയിൽ അണിനിരക്കുന്നതാണ്.
ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് വെള്ളയമ്പലത്തെ മാനവീയം വീഥിയിൽ ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ. രാജേന്ദ്ര ആർലേക്കർ ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ ഘോഷയാത്ര ആരംഭിക്കും.
ഘോഷയാത്രയുടെ വരവ് അറിയിച്ചുകൊണ്ട് അമ്പത്തിയൊന്ന് കലാകരന്മാർ ശംഖനാദം മുഴക്കുകയും തുടർന്ന് വാദ്യോപകരണമായ കൊമ്പ്, ടൂറിസം മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറിക്കൊണ്ട് സാംസ്‌കാരിക ഘോഷയാത്രയുടെ താളമേളങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യും.
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ചിത്രീകരിച്ചുകൊണ്ട് വിവിധ വകുപ്പുകൾ തയാറാക്കുന്ന അറുപതോളം ഫ്‌ളോട്ടുകൾ ഘോഷയാത്രയുടെ പ്രത്യേകതയാണ്.
കൂടാതെ തൊണ്ണൂറ്റിയൊന്ന് ദൃശ്യ- ശ്രവ്യകലാരൂപങ്ങളും ഇന്ത്യൻ ആർമിയുടെ ബാന്റ് സംഘവും ഘോഷയാത്രയ്ക്ക് നിറവേകും.
നാനത്വത്തിൽ ഏകത്വം എന്ന പ്രമേയം മുൻനിർത്തി ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള
ഇന്ത്യൻ ഗ്രാമീണ കലാ രൂപങ്ങളും ഘോഷ യാത്രയിൽ ഒത്തുചേരും.
കേരളീയ പൈതൃകവും, സിനിമയും, സാഹിത്യവും, സ്ത്രീശാക്തീകരണവും, സ്ത്രീ സുരക്ഷയും ആരോഗ്യശീലങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യയും, വിവിധ തരത്തിലുള്ള ജീവ സുരക്ഷാ സന്ദേശങ്ങളും ഫ്‌ളോട്ടുകളുടെ വിഷയങ്ങളായി അവതരിപ്പിക്കപ്പെടും.
കാണികളിൽ വിജ്ഞാനവും വിസ്മയവും കൗതുകവുമുണർത്തുന്നതുമായ ഈ സാംസ്‌കാരിക ഘോഷയാത്ര ഒരു പോയിന്റ് കടക്കാൻ ഉദ്ദേശം ഒന്നര മണിക്കൂർ വേണ്ടിവരുമെന്ന് കണക്കാക്കുന്നു.
ആനുകാലിക പ്രാധാന്യമുള്ളതും കഴിയുന്നത്ര കൃത്രിമത്വം ഒഴിവാക്കിയുള്ളതുമായ ഫ്‌ളോട്ടുകളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ഫ്‌ളോട്ടുകൾ വിഭാവനം ചെയ്തിരിക്കുന്നത്.
പബ്ലിക് ലൈബ്രറിക്ക് മുന്നിൽ ഘോഷയാത്ര വീക്ഷിക്കുന്നതിന് ഒരുക്കിയിട്ടുള്ള വി.വി.ഐ.പി. പവലിയന് മുന്നിലും യൂണിവേഴ്‌സിറ്റി കോളേജിന് മുൻവശത്തെ വി.ഐ.പി. പവലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും കലാരൂപങ്ങൾ അവതരിപ്പിക്കും.
ബഹുമാനപ്പെട്ട കേരള ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, വിശിഷ്ടവ്യക്തികൾ,സാംസ്കാരിക നായകന്മാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ഘോഷയാത്ര വീക്ഷിക്കാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടാതെ വിദേശ വിനോദ സഞ്ചാരികൾക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനായി വി.വി.ഐ.പി. പവലിയനു സമീപമായി പ്രത്യേക പവലിയനും ഒരുക്കുന്നതാണ്.
ഉച്ചയ്ക്ക് ശേഷം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെങ്കിലും കാണികളായി എത്തുന്നവർക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനു വേണ്ടി സൗകര്യപ്രദമാംവിധം ക്രമീകരിക്കുന്നതാണ്.
2025 ഓണം ഘോഷയാത്രയിൽ അണിനിരക്കുന്ന
വ്യത്യസ്ത കലാരൂപങ്ങൾ
1 പൂക്കാവടി + മേളം
2 ബാൻഡ് മേളം
3 ആഫ്രിക്കൻ ബാൻഡ്
4 തെയ്യം : പുതിയ ഭഗവതി
5 ഓണപ്പൊട്ടൻ
6 ശാസ്തപ്പൻ തെയ്യം
7 നാഗകാളി തെയ്യം
8 രക്തേശ്വരി തെയ്യം
9 മയൂര നൃത്തം +ചെണ്ടമേളം
10 ശിങ്കാരിമേളം
11 ചെണ്ടമേളം
12 വനിതാ ശിങ്കാരി മേളം
13 കോൽക്കളി
14 പാവപ്പൊലിമ – ഷാജി പാപ്പാൻ -10
15 കിവി ഡാൻസ്
16 മയിൽ ഡാൻസ് 3
17 നാടൻ പാവപ്പൊലിമ
18 ചലിക്കുന്ന ആന പാവ
19 പാവപ്പൊലിമ ബട്ടർ ഫ്ലൈ
20 പമ്പ മേളം
21 ഓതറ പടയണി
22 കാലൻ കെട്ട്
23 വേടൻ കെട്ട്
24 തിറയാട്ടം
25 കൂളി കെട്ട്
26 രുധിരക്കോലം
27 അർജുന നൃത്തം
28 മാവേലി വേഷം
29 ശലഭ നൃത്തം
30 മയിലാട്ടം
31 മുയൽ ഡാൻസ്
32 അരയന്ന നൃത്തം
33 സ്പെഷ്യൽ കഥകളി രൂപങ്ങൾ
34 കാളയും തേരും
35 നൃത്തരൂപങ്ങൾ
36 കോലാട്ടം
37 കോതാ മൂരിയാട്ടം
38 കരകാട്ടം
39 കുമ്മാട്ടിക്കളി
40 പരുന്താട്ടം
41 കുതിര കളി
42 ഗൊപ്പിയാള നൃത്തം
43 സൈക്കിൾ യഞ്ജം
44 പൂരക്കളി
45 അലാമിക്കളി
46 മുടിയേറ്റ്
47 കമ്പേറ്
48 ദഫ് മട്ട്
49 കളരിപ്പയറ്റ്
50 വിളക്കാട്ടം (വനിതകൾ)
51 ഉലക്ക ഡാൻസ് ട്രാൻസ് ജെൻഡർ
52 മുറം ഡാൻസ്
53 പള്ളിവാൾ നൃത്തം
54 അർദ്ധ നാരീ നൃത്തം
55 ഡ്രാഗൺ തെയ്യം
56 ഫിഷ് ഡാൻസ്
57 ഹെൻ ഡാൻസ്
58 മോഹിനിയാട്ടം
59 കഥകളി പെർഫോമിംഗ്
60 ഒഡീസ്സി
61 ഭരതനാട്യം
62 കഥക്
63 മണിപ്പൂരി
64 കുച്ചുപ്പുടി & സത്രിയ
65 മയൂര നൃത്തം (പൊയ്ക്കാൽ)
66 വേലകളി
67 ചവിട്ടുനാടകം
68 ഇരുള നൃത്തം
69 സൂഫി ഡാൻസ്
70 മംഗലം കളി
71 ഒപ്പന
72 മാർഗ്ഗം കളി
73 ഇടക്ക
74 കൊമ്പ് പറ്റ്
75 മോഹിനിയാട്ടം
76 കേരള നടനം
77 ആലവട്ടം
78 മുത്തുക്കുട
79 വെഞ്ചാമരം
80 ജാർഖണ്ഡ് – ജുമർ ഡാൻസ്
81 ഉത്തർ പ്രദേശ് – അവധി ഹൌളി
82 മധ്യ പ്രദേശ് – സൈലരണ ഡാൻസ്
83 മഹാരാഷ്ട്ര – ലാവണി ഡാൻസ്
84 ആന്ധ്രപ്രദേശ് –ഗരഗാളു
85 തെലുങ്കാന – ദിംഷ
86 തമിഴ് നാട് – കരകാട്ടം
87 ശംഖ് വാദനം
88 പുലികളി (ഡി.റ്റി.പി.സി.)
89 പാവപ്പൊലിമ മായാവി
90 പാവപ്പൊലിമ കുട്ടൂസൻ, ഡാകിനി
91 മാവേലിയും ഓണപ്പാട്ടുകളും