കുറ്റവാളികളുടെ കൂട്ടമായി കേരള പൊലീസ്  മാറി:  വി. മുരളീധരൻ

തിരുവനന്തപുരം : സിപിഎമ്മിന്‍റെ ചൊൽപ്പടിക്ക് നിൽക്കുന്ന പൊലീസ് ഉദ്യോഗസഥര്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകർത്തെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരൻ. രാഷ്ട്രീയ നേതൃത്വത്തിന്‍റെ താളത്തിന് തുള്ളുന്ന കുറ്റവാളികളുടെ താവളമായി ആഭ്യന്തരവകുപ്പ് മാറി. അരാജകത്വം സൃഷ്ടിക്കുന്നവരായി പൊലീസ് മാറിയെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. പൊലീസ് മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്ക് നടന്ന മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് മദ്യപിക്കാൻ ഒത്താശ ചെയ്യുന്ന പൊലീസുകാര്‍ ക്രമസമാധാന നിലയുടെ ഉദാഹരണമാണ്. പഴയ ഇടിയൻ പൊലീസിന്‍റെ തുടര്‍ച്ചയാണ് ഇന്നും കേരളത്തിലുള്ളത്. വേഷം മാറിയെന്നതല്ലാതെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ ഉണ്ടായ വികസനമോ പരിഷ്കാരമോ കേരളത്തിലെ സേനയിൽ ഉണ്ടായില്ല.  പൊലീസ് കംപ്ലെയന്‍റ്സ് അതോറിറ്റിക്ക് കിട്ടുന്ന പരാതികളില്‍ പരിഹാരം ഉണ്ടാവുന്നില്ല. യൂത്ത് കോണ്‍ഗ്രസുകാരന്‍റെ കൂമ്പിനിടിക്കുന്ന വാർത്ത പുറത്തുവരുമ്പോൾ മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിക്കുന്ന പ്രതിപക്ഷ നേതാവാണ് സംസ്ഥാനത്തുള്ളത്. കുറ്റവാളികളിൽ നിന്ന് ജനതയെ സംരക്ഷിക്കേണ്ടവർ തന്നെ കുറ്റകൃത്യങ്ങളുടെ ഭാഗമാവുകയാണെന്നും വി.മുരളീധരൻ പ്രതികരിച്ചു. സിറ്റി ജില്ലാ പ്രസിഡന്റ്‌ കരമന ജയൻ, സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാർ,
ജില്ലാ ജനറൽ സെക്രട്ടറി
പാപ്പനംക്കോട് സജി,
ശ്രീവരാഹം വിജയൻ,
ജെ കൃഷ്ണകുമാർ,
മഹിളാ മോർച്ച ജില്ലാ അധ്യക്ഷ ലീന മോഹൻ,
യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ വിഷ്ണു, സിമി ജ്യോതിഷ്, എസ് കെ പി രമേശ് എന്നിവർ പ്രസംഗിച്ചു.
കേരളത്തിൽ എല്ലാ ഡി വൈ എസ് പി ഓഫീസുകളിലേക്കും നടന്ന പ്രതിഷേധ പരിപാടികൾ ബിജെപി സംസ്ഥാന നേതാക്കൾ ഉദ്ഘാടനം ചെയ്തു. പി കെ കൃഷ്ണദാസ് കാട്ടാക്കടയിലും അഡ്വ ഷോൺ ജോർജ് കൊട്ടാരക്കരയിലും ശോഭന സുരേന്ദ്രൻ തൃശൂരിലും പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, അഡ്വ പി ശ്യാം രാജ്, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി മനുപ്രസാദ്, ഡോ. കെ എസ് രാധാകൃഷ്ണൻ തുടങ്ങിയ നിരവധി നേതാക്കൾ വിവിധ നഗരങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

error: Content is protected !!