ഒരാഴ്ച കൊണ്ട് ജില്ലയിൽ നേടിയത് 25 ലക്ഷം രൂപയുടെ വരുമാനം.
സാധാരണക്കാരന് ഏറ്റവും കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരം സാധ്യമാക്കുന്ന ബഡ്ജറ്റ് ടൂറിസത്തിന് ഇക്കഴിഞ്ഞ ഓണക്കാലത്തും ലഭിച്ചത് വൻ സ്വീകാര്യത. ജില്ലയിൽ ഓണം സീസണിൽ മാത്രം കെ എസ് ആർ ടി സി കൊയ്തത് 25 ലക്ഷം രൂപയുടെ വരുമാനമാണ്. സെപ്തംബർ ഒന്നു മുതൽ ഏഴു വരെയുള്ള കണക്കാണിത്. ഓണാവധിക്ക് 40 ട്രിപ്പുകൾ വിവിധയിടങ്ങളിലായി സംഘടിച്ചു. സൂര്യകാന്തി പൂക്കളുടെ സീസൺ തുടങ്ങിയതോടെ സുന്ദരപാണ്ഡ്യപുരത്തേക്ക് നടത്തിയ പ്രത്യേക സർവീസുകൾക്കും മികച്ച വരുമാനം നേടാനായി. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ കൂടുതൽ ട്രിപ്പുകൾ ഒരുക്കയാണ് അധികൃതർ. റിസോർട്ട് ടൂറിസത്തിന് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി കാസർഗോഡ് പൊലിയംതുരുത്തിലേക്കുള്ള പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും ബുക്ക് ചെയ്യാം.
ബഡ്ജറ്റ് ടൂറിസത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് ഗവി, മൂന്നാർ, വാഗമൺ ട്രിപ്പുകൾക്കാണ്. ജില്ലയിലെ 20 ഡിപ്പോകളിൽ നിന്നുമായി അവധിക്കാലം ലക്ഷ്യമിട്ട് കേരളത്തിന്റെ പല സ്ഥലങ്ങളിലേക്കും ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. സഞ്ചാരികളുടെ ആവശ്യപ്രകാരവും പ്രത്യേകം ട്രിപ്പുകൾ ഒരുക്കാറുണ്ട്. തിരുവനന്തപുരം സിറ്റി, വികാസ് ഭവൻ, വെഞ്ഞാറമൂട് ഡിപ്പോകളാണ് യാത്രകളിൽ മുന്നിലുള്ളത്. കോട്ടയം മലരിക്കൽ ആമ്പൽ വസന്തം കാണുന്നതിനും ജില്ലയിൽ നിന്നും നിരവധി തവണ സർവീസുകൾ ലഭ്യമാക്കിയിരുന്നു.
ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള നെഫർടിറ്റി ആഡംബരകപ്പൽ യാത്രക്കും ജില്ലയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കെ എസ് ആർ ടി സി ഡിപ്പോകളിൽ നിന്ന് ബസിൽ യാത്രക്കാരെ ബോൾഗാട്ടിയിലെത്തിച്ച് അവിടെ നിന്നും ഉൾക്കടലിലേക്ക് കപ്പൽമാർഗം കൊണ്ടുപോകും. അതുകഴിഞ്ഞ് അതേ ബസിൽ മടക്കയാത്ര. ചുരുങ്ങിയ ചെലവിലും സുരക്ഷിതമായും കടൽക്കാഴ്ചകൾ കണ്ടു മടങ്ങാനുള്ള അവസരമാണിത്. 2022ൽ തുടങ്ങിയതുമുതൽ 20000 സഞ്ചാരികളാണ് ഇതുവരെ നെഫർടിറ്റി പാക്കേജിൽ യാത്ര ചെയ്തത്. ജില്ലയിൽ നിന്നും 2000 പേരോളം ആ പാക്കേജിൽ പങ്കാളികളായിട്ടുണ്ട്. ഈ വർഷം 50 പേരാണ് നെഫർടിറ്റി പാക്കേജ് ഉപയോഗപ്പെടുത്തിയത്.
സിറ്റി ഡബിൾ ഡെക്കർ, പൊന്മുടി തുടങ്ങി ജില്ലക്ക് അകത്തുള്ള വിനോദയാത്രകൾക്ക് പുറമേ തീർത്ഥാടനയാത്രകളും ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂകാംബിക, കൊട്ടിയൂർ, നാലമ്പലം, ശബരിമല, ഗുരുവായൂർ, തിരുവൈരാണിക്കുളം, കൃപാസനം എന്നിങ്ങനെ സീസൺ യാത്രകളും ഒരുക്കുന്നുണ്ട്. ഒക്ടോബർ രണ്ട് വരെ പഞ്ചപാണ്ഡവ ദർശനത്തിനുള്ള സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. അന്തർ സംസ്ഥാന യാത്രകളായ മൂകാംബിക, വേളാങ്കണ്ണി, കന്യാകുമാരി സർവീസുകളുമുണ്ടാകും. ദീർഘദൂര ട്രിപ്പുകൾ എല്ലാം ഡീലക്സ് സെമിസ്ലീപ്പറുകളിലാണ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് എ സി ബസിലും യാത്ര ക്രമീകരിക്കാറുമുണ്ട്.
ഇതിനൊക്കെ പുറമേ വിവാഹാവശ്യങ്ങൾക്കും ചാർട്ടേഡ് ട്രിപ്പുകൾ നടത്താറുണ്ട്. വിദ്യാർത്ഥികൾക്ക് വിജ്ഞാനവും ടെക്‌നോളജിയും കോർത്തിണക്കിക്കൊണ്ടുള്ള ട്രാവൽ ടൂർ ടെക്‌നോളജി പദ്ധതിയും കുറഞ്ഞ ചെലവിൽ സ്‌കൂൾ കോളേജ് കുട്ടികൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
ഗവി, മൂന്നാർ, നെഫർടിറ്റി കപ്പൽയാത്ര എന്നീ ട്രിപ്പുകളാണ് വരുമാനത്തിൽ മുന്നിൽ നിൽക്കുന്നത്. ഇക്കൊല്ലം ജനുവരിയിലാണ് ജില്ലയിൽ ഏറ്റവുമധികം കളക്ഷൻ നേടിയത്, 85 ലക്ഷം രൂപ. ഗവി, റോസ്മല, പൊന്മുടി യാത്രകൾ വനം-ടൂറിസം വകുപ്പുകളുമായി സഹകരിച്ചാണ് നടത്തുന്നത്. ടിക്കറ്റ് നിരക്ക് ഓരോ ഡിപ്പോയ്ക്കും വ്യത്യസ്തമായിരിക്കും.
2025 ലെ വരുമാനം ഇപ്രകാരം
ജനുവരി- 85 ലക്ഷം
ഫെബ്രുവരി- 40 ലക്ഷം
മാർച്ച്- 35 ലക്ഷം
ഏപ്രിൽ- 70 ലക്ഷം
മെയ് – 75 ലക്ഷം
ജൂൺ- 30 ലക്ഷം
ജൂലായ് – 35 ലക്ഷം
ആഗസ്റ്റ്- 55 ലക്ഷം
സെപ്തംബർ
( ഇതുവരെ) – 45 ലക്ഷം