
അതിദാരിദ്ര്യം പരിഹരിക്കുകയെന്ന വലിയ നേട്ടത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നതിന്റെ ഭാഗമായി നവംബര്‍ 1-ാം തീയ്യതി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടി വിജയിപ്പിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
വികസന രംഗത്ത് കേരളം തുടര്‍ച്ചയായി നേട്ടങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും സുപ്രധാനമായ ഒരു ചുവടുവെപ്പാണ് അതിദാരിദ്ര്യം പരിഹരിക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാര്‍ നേടുന്നത്. സോഷ്യലിസ്റ്റ് രാജ്യങ്ങളുള്‍പ്പെടെ ഏറെ പതിറ്റാണ്ടുകളുടെ ശ്രമഫലമായി നേടിയ നേട്ടങ്ങളാണ് കേരളം കൈവരിക്കുന്നത്.
1957-ല്‍ ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ ജന്മിത്വ വ്യവസ്ഥ ഇവിടെ സജീവമായി നിലനിന്നിരുന്നു. എന്നാല്‍, ഭൂപരിഷ്‌ക്കരണമുള്‍പ്പെടെ തുടര്‍ച്ചയായി നടത്തിയ ഇടപെടലുകളിലൂടെയാണ് കേരളം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ ക്ഷേമം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങളുടെ തുടര്‍ച്ചയായാണ് അതിദാരിദ്ര്യം പരിഹരിക്കുകയെന്ന അവസ്ഥയിലേക്ക് കേരളം എത്തിയിരിക്കുന്നത്. കേരളീയര്‍ക്കാകമാനം അഭിമാനമായി മാറിയ ഈ നേട്ടത്തിന്റെ ഭാഗമായി നടക്കുന്ന ആഘോഷ പരിപാടികളില്‍ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്ന് ടി.പി രാമകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.


