മന്ത്രി ശിവൻകുട്ടി വിഭ്രാന്തിയിലാണ്: എ പി അനിൽകുമാർ

സ്വര്‍ണകൊള്ളയില്‍ മുതിര്‍ന്ന സി പി എം നേതാക്കളടക്കം പ്രതികളാകുമെന്ന് ഉറപ്പായ വിഭ്രാന്തിയിലാണ്
ശിവന്‍കുട്ടി സോണിയ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന്  കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ്
എ പി അനില്‍കുമാര്‍ എം എല്‍ എ.

തിരുവനന്തപുരം:  ശബരിമല സ്വര്‍ണകൊള്ള കേസില്‍ സി പി എമ്മിന്റെ തലമുതിര്‍ന്ന നേതാക്കളടക്കം പ്രതികളാകുമെന്ന് ഉറപ്പായതോടെ അതിനെ രാഷ്ട്രീയമായി നേരിടാനുള്ള ഗൂഡലക്ഷ്യങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് സര്‍ക്കാരെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍.  അതിന്റെ ഉദാഹരണമാണ് മന്ത്രി വി ശിവന്‍കുട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് എതിരെ ഉയര്‍ത്തിയ ആരോപണം.  രാഷ്ട്രീയ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് ശബരിമല അയ്യപ്പന്റെ സ്വര്‍ണം സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് പറയണമെങ്കില്‍ ലേശമൊന്നും തൊലിക്കട്ടി പോരെന്നും അനില്‍കുമാര്‍ പറഞ്ഞു. 

ഇടതും വലതും തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന നേതാക്കളിലേക്ക് വരെ പ്രത്യേക അന്വേഷണ സംഘം എത്തുമെന്ന് ഭീതിപൂണ്ടുണ്ടായ വിഭ്രാന്തിയിലാകും ശിവന്‍കുട്ടി ഇത്തരമൊരു പ്രസ്താവന നടത്തിയത്.  സര്‍ക്കാരും അന്വേഷണ ഏജന്‍സിയുമെല്ലാം കൈവെള്ളയിലുള്ള മന്ത്രി എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് വ്യക്തമാക്കണം.  കേവലം രാഷ്ട്രീയ ആരോപണമാണെങ്കില്‍ അത് പിന്‍വലിച്ച് മാപ്പ് പറയാനുള്ള മാന്യത അദ്ദേഹം കാട്ടണമെന്നും അനില്‍കുമാര്‍ പറഞ്ഞു. 

സ്വര്‍ണകൊള്ള വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയുടെ മുക്കത്തുള്ള ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ബി ജെ പിയേയും അനില്‍കുമാര്‍ പരിഹസിച്ചു.  സി പി എമ്മിനെ പിണക്കാതിരിക്കാനാണ് സി പി എമ്മിലെ മുതിര്‍ന്ന നേതാക്കളടക്കം പ്രതിയായ കേസില്‍ പ്രിയങ്കാ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.  കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ലോക്ഭവനിലേക്കോ ഏതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലേക്കോ മാര്‍ച്ച് നടത്താതെ പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് മാര്‍ച്ച് നടത്തിയ സി പി എമ്മിനോടുള്ള പ്രത്യുപകാരമാണ് ഇതിലൂടെ ബി ജെ പി നടപ്പാക്കിയതെന്നും അനില്‍കുമാര്‍ ആരോപിച്ചു.  സി പി എം-ബി ജെ പി അവിശുദ്ധ ബന്ധമാണ് ഇതിലൂടെ പുറത്തുവരുന്നത്. 

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ വളരെയേറെ വീറും വാശിയോടെയും സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ ചൂണ്ടികാണിക്കാറുണ്ട്.  എന്നാല്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കാതിരിക്കാനാണ് ഇരു പാര്‍ട്ടികളും ഈ അവസരത്തിലും ശ്രമിക്കുന്നത്.  ജനമനസില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം സൃഷ്ടിക്കാതെ സി പി എമ്മിനെ പരമാവധി സഹായിക്കുകയും കോണ്‍ഗ്രസിന്റെ സമരങ്ങളുടെ മൂര്‍ച്ച കുറയ്ക്കാനുമുള്ള ശ്രമത്തിലുമാണ് ബി ജെ പിയെന്നും അദ്ദേഹം ആരോപിച്ചു.

error: Content is protected !!