ദേ വൃത്തിയുടെ ചക്രവര്‍ത്തി എത്താറായി

വിളംബര ഘോഷയാത്ര മന്ത്രി എം. ബി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു

ഓണാഘോഷങ്ങളോടനുബന്ധിച്ച് ഹരിതചട്ടം പാലിക്കുന്നതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നത്തിലേക്കായി ഓണാഘോഷ കമ്മിറ്റിയുടെ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയും, ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച വിളംബര ഘോഷയാത്ര തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് മന്ത്രിയുടെ വസതിയില്‍ ഫ്ലാഗ് ഓഫ് ചെയ്തു. മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം പൊതു ജനങ്ങളിലും, വ്യാപാര സ്ഥാപനങ്ങള്‍ക്കും എത്തിക്കുക എന്നതാണ് വിളംബര ഘോഷയാത്രയുടെ ദൗത്യം.

വാഹന പ്രചരണവും മാവേലിയും വരുന്ന ഏഴു ദിവസങ്ങളില്‍ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് ബോധവത്കരണ പരിപാടികള്‍ നടത്തും. യാത്രയുടെ ഭാഗമായി മാലിന്യ സംസ്‌കരണം, ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ക്യത്യമായി ഉത്തരം നല്‍കി വിജയിക്കുന്നവർക്ക് സമ്മാനം നല്‍കുകയും ചെയ്യും.

ഓണാഘോഷത്തോടനുബന്ധിച്ച് റെസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍, ഓഫീസുകള്‍, ആരാധനാലയങ്ങള്‍ എന്നിവര്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ പൂര്‍ണമായും ഹരിതചട്ടം പാലിക്കുന്നതിന് വേണ്ടി ഒറ്റ തവണ ഉപയോഗിക്കുന്ന കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക, ഓണസദ്യയ്ക്ക് പ്രകൃതിദത്തമായ വാഴയില മാത്രം ഉപയോഗിക്കുക, ആഘോഷങ്ങള്‍ക്ക് കൊടി തോരണങ്ങള്‍ പ്രകൃതി സൗ ഹൃദ പൂക്കള്‍, ചെടികള്‍, ഇലകള്‍ എന്നിവ ഉപയോഗിക്കുക. പൂക്കളങ്ങള്‍ക്കുള്ള പൂവുകള്‍ തുണിസഞ്ചിയിലോ ഇലകളിലോ മാത്രം വയ്ക്കുക എന്നീ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതും യാത്രയുടെ പ്രധാന ലക്ഷ്യമാണ്.

ഓണ സദ്യയ്ക്ക് ശേഷം വരുന്ന മാലിന്യങ്ങള്‍ ജൈവ-അജൈവം എന്ന് രണ്ടായി തരംതിരിച്ച് പ്രത്യേകം ബിന്നുകളില്‍ നിക്ഷേപിക്കുകയും പ്ലാസ്റ്റിക് പേപ്പര്‍, അജൈവ പാഴ് വസ്തുക്കള്‍ ഹരിതകര്‍മ്മ സേനയ്ക്ക് കൈ മാറുകയും വേണം.  ജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുക തുടങ്ങിയ വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്  ജില്ലാ ശുചിത്വ മിഷനും, ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയും സംയുക്തമായി ഈ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

സംസ്ഥാന ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍  യു.വി. ജോസ്,
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗായത്രി ബാബു, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

error: Content is protected !!