വട്ടിയൂർക്കാവ് : ഒരുമയുടെ ഓണം എന്ന പേരിൽ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്)
സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിക്ക് തുടക്കമായി. വൈബ് ഓണം ഫെസ്റ്റ് 5.0 യുടെ ഉദ്ഘാടനം ബഹു. പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിച്ചു. അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. കൊടുങ്ങാനൂർ ജംഗ്ഷനിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ട്രിഡ ചെയർമാൻ കെ.സി വിക്രമൻ, പ്രശസ്ത കവി ഏഴച്ചേരി രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
2025 ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെയാണ് വൈബ് ഓണം ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഒരു ദിവസം 3 കേന്ദ്രം എന്ന നിലയിൽ മണ്ഡലത്തിലെ 12 കേന്ദ്രങ്ങളിലായാണ് ഓണാഘോഷ പരിപാടികൾ നടക്കുന്നത്. വൈബ് ഓണം ഫെസ്റ്റിൽ വിവിധ കലാപരിപാടികൾ, ഘോഷയാത്രകൾ, ദീപാലങ്കാരം, മുതിർന്ന പൌരന്മാരെ ആദരിക്കൽ, നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് തുടങ്ങി നിരവധി പരിപാടികൾ ഓരോ കേന്ദ്രത്തിലും ക്രമീകരിച്ചിട്ടുണ്ട്.
വട്ടിയൂർക്കാവ് കൃഷി ഭവനുമായി സഹകരിച്ച് സെപ്റ്റംബർ 1 മുതൽ 4 വരെ വട്ടിയൂർക്കാവ് ജംഗ്ഷനിൽ ഓണച്ചന്തയും ഓണം വിപണന മേളയും വൈബ് ഓണം ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും.
വട്ടിയൂർക്കാവ് ജംഗ്ഷനിൽ പ്രശസ്ത കവി ഗിരീഷ് പുലിയൂറും നെട്ടയം ജംഗ്ഷനിൽ പ്രശസ്ത പിന്നണി ഗായിക രാജലക്ഷ്മി അഭിറാമും ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടിയിൽ കൌൺസിലർമാരായ ഐ.എം പാർവ്വതി, പി രമ, സംഘാടക സമിതി അംഗങ്ങളായ ഒ എ ഷാഹുൽ ഹമീദ്, സുകുമാരൻ നായർ, വേലപ്പൻ നായർ, എച്ച് ജയചന്ദ്രൻ, അനിൽ കുമാർ, അഡ്വ. പഴനിയാപിള്ള, വിജയകുമാരൻ നായർ, വൈബ് പ്രസിഡൻ്റ് സൂരജ് സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ആഗസ്റ്റ് 30 ശനിയാഴ്ച്ച പേരൂർക്കട ജംഗ്ഷനിൽ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ.പി ജയചന്ദ്രനും, കുടപ്പനക്കുന്ന് ജംഗ്ഷനിൽ തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐ.എ.എസും നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ്ജ് ഓണക്കൂറും ഉദ്ഘാടനം ചെയ്യും.
