Ananthapuri Online News

Anantham Athivegam Ananthapuri Varthakal

കേരള ക്രിക്കറ്റ് ലീഗ് – നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ടീമുകൾ

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണ് വേണ്ടിയുള്ള താരലേലം അടുത്തെത്തി നിൽക്കെ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക വിവിധ ടീമുകൾ പുറത്തുവിട്ടു. ഏരീസ് കൊല്ലം സെയിലേഴ്സും തൃശൂർ ടൈറ്റൻസും നാല് താരങ്ങളെ വീതവും കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സും ട്രിവാൺഡ്രം റോയൽസും മൂന്ന് താരങ്ങളെ വീതവും നിലനിർത്തി. കൊച്ചി ബ്ലൂ ടൈഗേഴ്സ് രണ്ട് പേരെയും ആലപ്പി റിപ്പിൾസ് ഒരു താരത്തെയുമാണ് നിലനിർത്തിയത്. പരമാവധി നാല് താരങ്ങളെയാണ് ഒരു ടീമിന് നിലനിർത്താൻ കഴിയുക.

എ കാറ്റഗറിയിൽപ്പെട്ട എൻ എം ഷറഫുദ്ദീനെയും അഭിഷേക് ജെ നായരെയും ബി കാറ്റഗറിയിൽപ്പെട്ട പവൻ രാജിനെയും വിജയ് വിശ്വനാഥിനെയുമാണ് ഏരീസ് കൊല്ലം സെയിലേഴ്സ് നിലനിർത്തിയത്. ഷറഫുദ്ദീന് ഏഴര ലക്ഷവും അഭിഷേക് ജെ നായർക്ക് അഞ്ച് ലക്ഷവും പവൻ രാജിനും വിജയ് വിശ്വനാഥിനും ഒന്നര ലക്ഷം രൂപയുമാണ് ലഭിക്കുക. കഴിഞ്ഞ രണ്ട് സീസണുകളിലും ഓൾറൗണ്ട് മികവുമായി ടീമിന് വേണ്ടി നിർണ്ണായക പ്രകടനം കാഴ്ചവച്ച താരമാണ് ഷറഫുദ്ദീൻ. കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ബാറ്ററായിരുന്നു അഭിഷേക്.

എ കാറ്റഗറിയിൽപ്പെട്ട അഹ്മദ് ഇമ്രാനെയും ഷോൺ റോജറെയും സി കാറ്റഗറിയിൽപ്പെട്ട ആദിത്യ വിനോദിനെയും എ കെ അർജുനെയുമാണ് തൃശൂർ ടൈറ്റൻസ് നിലനിർത്തിയത്. കൗമാരതാരം അഹ്മദ് ഇമ്രാന് ഏഴര ലക്ഷം രൂപയാണ് ലഭിക്കുക. കഴിഞ്ഞ സീസണിൽ 437 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതെത്തിയ അഹ്മദ് ഇമ്രാൻ തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഷോൺ റോജർക്ക് അഞ്ച് ലക്ഷവും ആദിത്യ വിനോദിനും എ കെ അർജുനും ഒന്നര ലക്ഷം വീതവും ലഭിക്കും.

എ കാറ്റഗറിയിൽപ്പെട്ട സൽമാൻ നിസാർ, രോഹൻ എസ് കുന്നുമ്മൽ, അഖിൽ സ്കറിയ എന്നിവരെയാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് നിലനിർത്തിയത്. കഴിഞ്ഞ സീസണിലും ഈ മൂന്ന് താരങ്ങളെയും കാലിക്കറ്റ് നിലനിർത്തിയിരുന്നു. സൽമാൻ നിസാറിന് ഏഴര ലക്ഷവും രോഹന് അഞ്ച് ലക്ഷവും അഖിൽ സ്കറിയയ്ക്ക് 3.75 ലക്ഷവുമാണ് ലഭിക്കുക. കളിയുടെ ഗതിതിരിക്കുന്ന പ്രകടനവുമായി ടീമിന് വേണ്ടി നിർണ്ണായക ഇന്നിങ്സുകൾ കാഴ്ച വച്ച താരമാണ് സൽമാൻ നിസാർ. കഴിഞ്ഞ രണ്ട് സീസണിലും ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായ അഖിൽ സ്കറിയായിരുന്നു ഓൾറൗണ്ട് മികവുമായി കഴിഞ്ഞ വ‍‍ർഷം പ്ലെയർ ഓഫ് ദി ടൂർണ്ണമെന്റായും തെരഞ്ഞെടുക്കപ്പെട്ടത്. 337 റൺസെടുത്ത രോഹനായിരുന്നു കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്കോറർ.

കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായ കൃഷ്ണപ്രസാദിനെ (എ കാറ്റഗറി) ഏഴര ലക്ഷം രൂപയ്ക്കാണ് ട്രിവാൺഡ്രം റോയൽസ് നിലനിർത്തിയത്. വി അജിത് (സി കാറ്റഗറി), ഗോവിന്ദ് ദേവ് പൈ (ബി കാറ്റഗറി) എന്നിവരാണ് ടീം നിലനിർത്തിയ മറ്റ് രണ്ട് താരങ്ങൾ. ഇരുവർക്കും ഒന്നര ലക്ഷം രൂപ വീതം ലഭിക്കും.

ടീമിനെ കഴിഞ്ഞ സീസണിൽ വിജയത്തിലേക്ക് നയിച്ച സാലി സാംസനെ ഏഴര ലക്ഷം രൂപയ്ക്കും മുഹമ്മദ് ആഷിഖിനെ ഒന്നര ലക്ഷം രൂപയ്ക്കുമാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് നിലനിർത്തിയത്. ഇരുവരും സി കാറ്റഗറിയിൽപ്പെട്ട താരങ്ങളാണ്. എ കാറ്റഗറിയിൽപ്പെട്ട മുഹമ്മദ് അസറുദ്ദീനെ മാത്രമാണ് ആലപ്പി റിപ്പിൾസ് നിലനിർത്തിയത്. ഏഴര ലക്ഷം രൂപയാണ് അസറുദ്ദീന് ലഭിക്കുക.കെ.സി.എൽ താരലേലം 11ന് നടക്കും.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!