തിരുവനന്തപുരം: ഗാന്ധിയൻ ആശയങ്ങളുടെ ശരിതെറ്റുകളെ ആധുനിക തലമുറയുടെ യുക്തിചിന്തയുമായി കൂട്ടിയിണക്കുന്ന പുതിയ മലയാള സിനിമ ‘ഇഴകൾക്കപ്പുറം’ (The Unseen Thread) ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ഗാന്ധിജിയെ കേവലം ഒരു ആരാധനാപാത്രമായി കാണാതെ, അദ്ദേഹത്തിന്റെ ആശയങ്ങളെയും നിലപാടുകളെയും വ്യക്തിജീവിതത്തെയും വിമർശനാത്മകമായി വിലയിരുത്താനുള്ള വ്യത്യസ്തമായ ശ്രമമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. വിശ്വാസങ്ങളും സംശയങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലൂടെ തലമുറകൾക്കിടയിലെ ചിന്താഗതിവ്യത്യാസങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.
വേണു നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ദിനേശ് പണിക്കർ, ഗൗതമി, വഞ്ചിയൂർ പ്രവീൺകുമാർ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
ഗാന്ധിയൻ മൂല്യങ്ങളെ അതേപടി സ്വീകരിക്കുന്നതിനു പകരം, അവയെ ഇന്നത്തെ കാലഘട്ടത്തിന്റെ യുക്തിചിന്തയുടെയും സാമൂഹിക കാഴ്ചപ്പാടുകളുടെയും പശ്ചാത്തലത്തിൽ പരിശോധിക്കുകയാണ് ചിത്രം ലക്ഷ്യമിടുന്നത്. അതുവഴി പുതിയ തലമുറയുടെ ചോദ്യങ്ങളും പഴയ തലമുറയുടെ വിശ്വാസങ്ങളും തമ്മിലുള്ള സംഘർഷവും സിനിമ ചർച്ച ചെയ്യുന്നു.
വേണു നായർ പ്രൊഡക്ഷൻസ് ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് വേണു നായരാണ്.
ജിജോ ജോണി ചെറുവത്തൂർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. പുഷ്പൻ ദിവാകരൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ പ്രദീപ് ചന്ദ്രൻ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.
സംഗീതവും പശ്ചാത്തല സംഗീതവും വേണു നായർ നിർവഹിക്കുന്നു. ഗാനരചന ശ്രീ ലക്ഷ്മണാചാര്യ, ആലാപനം സരിത രാജീവ്. സൗണ്ട് ഡിസൈൻ വേണു നായരും കലാസംവിധാനം അരുൺ രഘു ആനാടും നിർവഹിക്കുന്നു.
കോസ്റ്റ്യൂം ഡിസൈൻ വി.എൻ, കോസ്റ്റ്യൂം ശ്രീജിത്ത്, ചമയം രാജേഷ് വെള്ളനാട്, കളറിസ്റ്റ് അരുൺകുമാർ എം എന്നിവരാണ്.
അരുൺ നായർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും അജയ് തുണ്ടത്തിൽ പി.ആർ.ഒയായും പ്രവർത്തിക്കുന്നു.
ഗാന്ധിയൻ ആശയങ്ങളെയും ആധുനിക യുക്തിചിന്തയെയും ഒരേ വേദിയിൽ കൊണ്ടുവരുന്ന ‘ഇഴകൾക്കപ്പുറം’ ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ എത്തും.
