തിരുവനന്തപുരം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർക്കായി സംഘടിപ്പിക്കുന്ന ഭാരത് പർവ് 2026 പര്യടനത്തിന് തുടക്കമായി. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യവും നേരിട്ടറിയുന്നതിനായി ഗുജറാത്തിലെ കെവഡിയയിലാണ് പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്.
പിഐബി അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി. പളനിച്ചാമി ഐഐഎസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 10 ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാരാണ് പങ്കെടുക്കുന്നത്.
പര്യടനത്തിന്റെ രണ്ടാം ദിനമായ നവംബർ 11ന് സംഘം സ്റ്റാച്യു ഓഫ് യൂണിറ്റി, ഫോറസ്റ്റ് പാർക്ക്, ഭാരത് പർവ് പവലിയൻ എന്നിവ സന്ദർശിക്കും. ഇതോടൊപ്പം നർമ്മദാ ആരതി, ലേസർ ഷോ, പ്രകാശ് പർവ് തുടങ്ങിയ പരിപാടികളും വീക്ഷിക്കും.
മൂന്നാം ദിനമായ നവംബർ 12ന് ജംഗിൾ സഫാരി, ആരോഗ്യ വൻ, ബട്ടർഫ്ലൈ ഗാർഡൻ, സൂവോളജിക്കൽ പാർക്ക്, യൂണിറ്റി ഗ്ലോ ഗാർഡൻ എന്നിവിടങ്ങളിലാണ് സന്ദർശനം ക്രമീകരിച്ചിരിക്കുന്നത്.
‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന ആശയത്തിന് പ്രാധാന്യം നൽകിക്കൊണ്ട് കേന്ദ്ര ടൂറിസം മന്ത്രാലയവും ഗുജറാത്ത് ടൂറിസവും വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഭാരത് പർവ് 2026 നവംബർ 1 മുതൽ 15 വരെയാണ് നടക്കുന്നത്.
രാജ്യത്തിന്റെ തനത് പാരമ്പര്യങ്ങൾ, പരമ്പരാഗത കലകൾ, കൈത്തറി ഉൽപ്പന്നങ്ങൾ, സാംസ്കാരിക വൈവിധ്യങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനുള്ള വിപുലമായ വേദിയാണ് ഭാരത് പർവ്.
നൂറിലധികം ‘ഒരു ജില്ല ഒരു ഉൽപ്പന്നം’ (ODOP) പദ്ധതിയിൽ ഉൾപ്പെട്ട ഉൽപ്പന്നങ്ങൾ, പരമ്പരാഗത കൈത്തറി വസ്തുക്കൾ, വിവിധ കലാരൂപങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ തനത് രുചികൾ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക ഫുഡ് കോർട്ടും സ്റ്റുഡിയോ കിച്ചണും സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും പൈതൃക സമ്പത്തും അടുത്തറിയുന്നതിനൊപ്പം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ രാജ്യത്തിന്റെ വിവിധ മേഖലകളിലെ പ്രത്യേകതകൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും ഈ പര്യടനം ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് അവസരമൊരുക്കും.

