Ananthapuri Online News

Anantham Athivegam Ananthapuri Varthakal

പകർച്ചവ്യാധി പ്രതിരോധം ഊർജിതമാക്കി ആരോഗ്യവകുപ്പ്; ജില്ലയിൽ 8.43 ലക്ഷം വീടുകളിൽ ഉറവിടനശീകരണം

തിരുവനന്തപുരം: ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾ തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഒക്ടോബർ 20 മുതൽ നവംബർ 5 വരെയുള്ള കാലയളവിൽ ജില്ലയിൽ 162 ഡെങ്കിപ്പനി, 25 എലിപ്പനി, 24 ചെള്ളുപനി കേസുകൾ റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും ഏകോപനത്തോടെ വിപുലമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടപ്പാക്കുന്നത്.

8.43 ലക്ഷം വീടുകളിൽ പരിശോധന

കൊതുകുജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 9 മുതൽ 31 വരെ ജില്ലയിലുടനീളം നടത്തിയ ഊർജിത ഉറവിടനശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 8,43,327 വീടുകളിലും 14,538 സ്ഥാപനങ്ങളിലും ആരോഗ്യപ്രവർത്തകർ സന്ദർശനം നടത്തി.

പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്ത 553 പേർക്ക് നിയമനടപടികളുടെ ഭാഗമായി നോട്ടീസ് നൽകി. തുടർസന്ദർശനങ്ങളിലൂടെ പ്രശ്നബാധിത പ്രദേശങ്ങൾ കണ്ടെത്തി ആരോഗ്യപ്രവർത്തകർ നേരിട്ടെത്തി ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഫോഗിങ്ങും സ്പ്രേയിങ്ങും തുടരുന്നു

രോഗബാധ റിപ്പോർട്ട് ചെയ്യുന്ന മേഖലകളിൽ ഫോഗിങ്, സ്പ്രേയിങ്, ഉറവിടനശീകരണം, ബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ തുടരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഉറവിടനശീകരണം നടത്തുന്നുണ്ട്.

രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന വട്ടിയൂർക്കാവ് ഉൾപ്പെടെയുള്ള നഗരസഭാ പ്രദേശങ്ങളിൽ പ്രത്യേക പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് നടപ്പാക്കുന്നുണ്ട്.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക, കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കുക, ഡ്രൈ ഡേ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുക തുടങ്ങിയ കാര്യങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.

പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻതന്നെ ആരോഗ്യകേന്ദ്രങ്ങളിലെത്തി ചികിത്സ തേടണമെന്നും അധികൃതർ നിർദേശിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!