കൊല്ലത്തിന്റെ തൊഴിലാളി പോരാട്ടങ്ങളുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ചരിത്രം അടയാളപ്പെടുത്തിയ സഖാവ് പി.കെ. ഗുരുദാസന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു. ‘സമരസഖാവ് പി.കെ. ഗുരുദാസൻ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത് സംവിധായകൻ ബിജു നെട്ടറയാണ്. നെട്ടറ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
ലളിതജീവിതംകൊണ്ടും വിപ്ലവകരമായ പ്രവർത്തനങ്ങൾകൊണ്ടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാതൃകയായ പി.കെ. ഗുരുദാസന്റെ ജീവിതവും രാഷ്ട്രീയ പ്രവർത്തനങ്ങളുമാണ് ഡോക്യുമെന്ററിയുടെ പ്രധാന പ്രമേയം. ക്യാമ്പസ് രാഷ്ട്രീയത്തിലൂടെ ആരംഭിച്ച് കൊല്ലത്തെ കശുവണ്ടി, കയർ തൊഴിലാളികളുടെ ജീവിതപ്രശ്നങ്ങൾ അടുത്തറിഞ്ഞ് അവർക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ ജീവിതയാത്ര ഡോക്യുമെന്ററിയിൽ അടയാളപ്പെടുത്തും.
എൻ.എൻ. പിള്ള, കാക്കനാടൻ തുടങ്ങിയവരെക്കുറിച്ചുള്ള ഡോക്യുമെന്ററികൾക്ക് ശേഷം ബിജു നെട്ടറ സംവിധാനം ചെയ്യുന്ന ശ്രദ്ധേയമായ സംരംഭമാണിത്. തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രവും സാമൂഹിക ഇടപെടലുകളും രാഷ്ട്രീയ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളും രേഖപ്പെടുത്തുന്ന ചരിത്രരേഖയായി ഡോക്യുമെന്ററി മാറുമെന്നാണ് പ്രതീക്ഷ.
അണിയറപ്രവർത്തകർ
നെട്ടറ മീഡിയ പ്രൊഡക്ഷൻസാണ് ബാനർ. സ്ക്രിപ്റ്റും സംവിധാനവും ബിജു നെട്ടറ നിർവഹിക്കുന്നു. പി. എ. സമദ് കരുനാഗപ്പള്ളി, സുധീർ മംഗലത്ത്, വിൽസൺ പെരേര എന്നിവർ നിർമ്മാതാക്കളാണ്. ടി. വി. ബാലൻ കോ-പ്രൊഡ്യൂസറായും കെ. സേതുമാധവൻ പ്രോജക്ട് ചീഫ് കോ-ഓർഡിനേറ്ററായും പ്രവർത്തിക്കുന്നു.
അഭിലാഷ് ബാലചന്ദ്രനാണ് എഡിറ്റിംഗ്. രാരിഷ്, ഗൗരി ബിജു എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഫ. അലിയാർ നരേഷൻ നൽകുന്നു. പതി കെ. നായർ അസോസിയേറ്റ് ഡയറക്ടറാണ്.
ദിനേശ് പവിത്രേശ്വരം സൗണ്ട് മിക്സിംഗും ഡിസൈനും നിർവഹിക്കുന്നു. മോഹൻകുമാർ (ചിത്രാഞ്ജലി) സിങ്ക് സൗണ്ട് കൈകാര്യം ചെയ്യുന്നു. ജയചന്ദ്രൻ നെടുങ്ങോലമാണ് പ്രൊഡക്ഷൻ മാനേജർ. നന്ദകുമാർ കടപ്പാൾ കമന്ററി റൈറ്ററാണ്.
ജെ. വി. കുറുപ്പ്, ഗോപൻ വി. എസ്. എന്നിവർ ലൊക്കേഷൻ മാനേജർമാരാണ്. തിരുവനന്തപുരം അയ്മൻ ഡിജിറ്റൽ സ്റ്റുഡിയോ ടെക്നിക്കൽ സപ്പോർട്ട് നൽകുന്നു. സിഗ്നി ദേവരാജ്, മുരളിദാസൻ എന്നിവർ സ്കെച്ചുകൾ ഒരുക്കുന്നു. ശ്രീരഞ്ജ് ഗ്രാഫിക്സാണ് ബ്രോഷർ ഡിസൈൻ. ജിജോ എസ്. പരവൂർ, ജോഷ് തംബുരു, സന്തോഷ് തട്ടാമല എന്നിവർ സ്റ്റിൽസ് നിർവഹിക്കുന്നു. അജയ് തുണ്ടത്തിലാണ് പി.ആർ.ഒ.
സഖാവ് പി.കെ. ഗുരുദാസന്റെ രാഷ്ട്രീയ ജീവിതവും തൊഴിലാളി വർഗത്തോടുള്ള ബന്ധവും ചരിത്രപരമായ പോരാട്ടങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ദൃശ്യരേഖയായി ‘സമരസഖാവ് പി.കെ. ഗുരുദാസൻ’ മാറുമെന്നാണ് പ്രതീക്ഷ.

