Ananthapuri Online News

Anantham Athivegam Ananthapuri Varthakal

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷയും സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാൻ സംസ്ഥാനവ്യാപക കർമ്മപദ്ധതിയുമായി വനിതാ ശിശു വികസന വകുപ്പ്. കുട്ടികളെ കണ്ടെത്തുന്നതിനായി സംസ്ഥാനതലത്തിൽ Vulnerability Mapping സർവേ നടത്താനും സംരക്ഷണ നടപടികൾ ശക്തിപ്പെടുത്താനും തീരുമാനിച്ചു. കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.

അടുത്തിടെ ആലപ്പുഴ കാർത്തികപ്പള്ളിയിൽ ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺമാർ, ജില്ലാ വനിതാ ശിശു വികസന ഓഫീസർമാർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കുട്ടികളുടെ സുരക്ഷയുടെ പൂർണ ഉത്തരവാദിത്തം ജില്ലാ ഓഫീസർമാർക്ക്

ജില്ലയിലെ കുട്ടികളുടെ സുരക്ഷ, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്തം ജില്ലാ വനിതാ ശിശു വികസന ഓഫീസർമാർക്കായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ദുരിതകരവും അപകടസാധ്യതയുള്ളതുമായ സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളെ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി Vulnerability Mapping സർവേ നടത്തും.

കുട്ടികളുടെ സംരക്ഷണത്തിനായി വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുകയും ജില്ലാ തലം മുതൽ വില്ലേജ് തലം വരെയുള്ള ചൈൽഡ് പ്രൊട്ടക്ഷൻ ആൻഡ് വെൽഫെയർ കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും ചെയ്യും.

പ്രവർത്തനങ്ങൾ കൃത്യമായ ഇടവേളകളിൽ വിലയിരുത്തും

ചൈൽഡ് പ്രൊട്ടക്ഷൻ സംവിധാനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനായി പ്രത്യേക അവലോകന സംവിധാനവും ഏർപ്പെടുത്തും. ജില്ലാ വനിതാ ശിശു വികസന ഓഫീസർ മൂന്ന് മാസത്തിലൊരിക്കലും വകുപ്പ് ഡയറക്ടർ ആറു മാസത്തിലൊരിക്കലും പ്രവർത്തനങ്ങൾ വിലയിരുത്തും.

അപകടസാധ്യതയുള്ള കുട്ടികളെ കണ്ടെത്തിയാൽ തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യം, പോലീസ് തുടങ്ങിയ സംവിധാനങ്ങളുടെ സഹകരണത്തോടെ അടിയന്തര സുരക്ഷാ നടപടികളും പുനരധിവാസവും ഉറപ്പാക്കും. കുട്ടികളെ രക്ഷപ്പെടുത്തുന്നതുൾപ്പെടെയുള്ള ഗൗരവമുള്ള വിഷയങ്ങളിൽ നടപടികൾ തടസ്സപ്പെട്ടാൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഉന്നതതല ഇടപെടൽ ഉറപ്പാക്കണം.

രക്ഷിതാക്കളുടെ നിസ്സഹകരണം കുട്ടികളുടെ സുരക്ഷയ്ക്കായി സ്വീകരിക്കേണ്ട നടപടികൾ അവസാനിപ്പിക്കുന്നതിന് കാരണമാകരുതെന്നും മന്ത്രി നിർദ്ദേശിച്ചു. ആവശ്യമായ സാഹചര്യങ്ങളിൽ ബദൽ സംരക്ഷണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.

കുടുംബത്തിലേക്ക് തിരിച്ചയക്കുന്നതിന് മുമ്പ് സുരക്ഷ ഉറപ്പാക്കും

കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടുകൾ സമയബന്ധിതമായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് സമർപ്പിക്കും. ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന ഓരോ കുട്ടിക്കും വ്യക്തിഗത ശ്രദ്ധാ പദ്ധതി (Individual Care Plan) തയ്യാറാക്കും.

കുട്ടിയുടെ സുരക്ഷ ഉറപ്പാണെന്ന് സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിലൂടെ ബോധ്യപ്പെട്ടാൽ മാത്രമേ കുട്ടിയെ കുടുംബത്തിലേക്ക് തിരിച്ചയക്കാവൂ. പുനരധിവാസത്തിനു ശേഷവും അങ്കണവാടി വർക്കർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ, സൈക്കോ-സോഷ്യൽ കൗൺസിലർ എന്നിവരുടെ നേതൃത്വത്തിൽ തുടർനിരീക്ഷണം നടത്തും.

പോഷകാഹാരക്കുറവും അവഗണനയും കണ്ടെത്താൻ നിരീക്ഷണം

കുട്ടികളുടെ വളർച്ചയും പോഷകനിലയും നിരന്തരം നിരീക്ഷിക്കും. പോഷകാഹാരക്കുറവോ അവഗണനയോ കണ്ടെത്തുന്ന സാഹചര്യങ്ങളിൽ അടിയന്തര ഇടപെടൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ വഴി കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ മാധ്യമങ്ങളിലെത്തുന്നത് തടയാൻ കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.

കുട്ടിയുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന

അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളുടെ കാര്യത്തിൽ മറ്റൊരു വകുപ്പിന്റെ ചുമതലയാണെന്ന് ചൂണ്ടിക്കാട്ടി ഒരു ഉദ്യോഗസ്ഥനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് മന്ത്രി ബിന്ദു കൃഷ്ണ നിർദ്ദേശിച്ചു.

ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് സമയബന്ധിതമായി ഇടപെടുകയും കുട്ടികളുടെ സുരക്ഷിതമായ ഭാവി ഉറപ്പാക്കുകയും വേണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ നിരീക്ഷണവും ഉത്തരവാദിത്തത്തോടെയുള്ള പ്രവർത്തനവും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!