തിരുവനന്തപുരം: നാടിനെയും കാടിനെയും ഒരുപോലെ വിറപ്പിച്ച അരികൊമ്പന്റെ കഥ ഇനി ബിഗ് സ്‌ക്രീനിലേക്ക്. കാട്ടാനയുടെ സാന്നിധ്യവും കാടിന്റെ മക്കളുടെ അതിജീവന പോരാട്ടവും പ്രമേയമാക്കി ഒരുങ്ങുന്ന പുതിയ തമിഴ് ചിത്രം ‘അരികൊമ്പന്റെ’ ടീസർ പുറത്തിറങ്ങി. റിലീസിന് പിന്നാലെ ടീസർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി തീവ്രമായ ദൃശ്യാവിഷ്കാരത്തോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മണ്ണും കാടും വിട്ടുപോകാൻ തയ്യാറാകാത്ത മനുഷ്യരുടെ ജീവിതസംഘർഷങ്ങളും കാട്ടാനയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും വൈകാരികതയും ആക്ഷനും കോർത്തിണക്കിയാണ് സിനിമ അവതരിപ്പിക്കുന്നത്.
മിഥുൻ മഹേശ്വരൻ സംവിധാനം ചെയ്യുന്നതിനൊപ്പം ചിത്രത്തിൽ നായകനായും എത്തുന്നു. മലയാളികളുടെ പ്രിയപ്പെട്ട ‘ട്രാഫിക്’ സിനിമയുടെ തമിഴ് റീമേക്കിൽ ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മിഥുൻ. ‘എങ്കെയും എപ്പോതും’, ‘ചെന്നൈയിൽ ഒരു നാൾ’, ‘കോക്ടെയിൽ’, ‘എങ്ക കാട്ടുല മഴൈ’, ‘ചിക്കികു ചിക്കികിച്ചു’, ‘യുദ്ധസത്തം’ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
‘സുമേഷ് & രമേഷ്’ എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദേവിക കൃഷ്ണനാണ് ചിത്രത്തിലെ നായിക. ഈ സിനിമയിലൂടെ ദേവിക തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു.
‘ട്രാഫിക്’ (ഹിന്ദി), ‘മിലി’, ‘വേട്ട’, ‘ജമുനാപ്യാരി’ തുടങ്ങിയ ചിത്രങ്ങൾക്ക് ദൃശ്യഭംഗി പകർന്ന ഛായാഗ്രാഹകൻ അനീഷ്ലാൽ ആർ.എസ് ആദ്യമായി ക്യാമറ കൈകാര്യം ചെയ്യുന്ന തമിഴ് ചിത്രം കൂടിയാണിത്.
തമിഴ്‌നാട്ടിലെ പച്ചൈമല, കൊല്ലിമല തുടങ്ങിയ മനോഹരമായ മലയോര പ്രദേശങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. പ്രകൃതിയുടെ സ്വാഭാവിക ഭംഗിയും കാടിന്റെ പശ്ചാത്തലവും സിനിമയുടെ ദൃശ്യാനുഭവത്തിന് കൂടുതൽ മിഴിവേകുമെന്നാണ് പ്രതീക്ഷ.
കാട്ടാനയുടെ സാന്നിധ്യം സൃഷ്ടിക്കുന്ന സംഘർഷങ്ങൾക്കൊപ്പം കാടിനോട് ചേർന്ന് ജീവിക്കുന്ന മനുഷ്യരുടെ അതിജീവനവും വൈകാരിക ബന്ധങ്ങളും ചിത്രം പ്രമേയമാക്കുന്നു. ആക്ഷൻ രംഗങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സിനിമ പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവമാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
‘അരികൊമ്പൻ’ ഡിസംബർ 11ന് കേരളത്തിലും തമിഴ്‌നാട്ടിലും ഉൾപ്പെടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
പി.ആർ.ഒ: അജയ് തുണ്ടത്തിൽ

