തിരുവനന്തപുരം: ഐക്യത്തിന്റെയും കേരളീയ സംസ്കാരത്തിന്റെയും സന്ദേശം പകർന്ന് ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂളിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ആഘോഷം.
സ്കൂൾ പ്രിൻസിപ്പൽ സുനിൽ ചാക്കോ ഭദ്രദീപം തെളിയിച്ച് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ മഞ്ജുഷ പി.എസ്., പ്രൈമറി വിഭാഗം ഹെഡ്മിസ്ട്രസ് ജ്യോതി ജെ. നായർ, മലയാള വിഭാഗത്തിലെ അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി നോട്ടീസ് ബോർഡ് ഡെക്കറേഷൻ, പോസ്റ്റർ ഡിസൈനിങ്, മലയാളി മങ്ക, കേരള ശ്രീമാൻ തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും കേരളത്തിന്റെ സാംസ്കാരിക തനിമ അടുത്തറിയുന്നതിനും മത്സരങ്ങൾ അവസരമൊരുക്കി.
കേരളത്തിന്റെ തനിമ, പൈതൃകം, ഭാഷ, സംസ്കാരം എന്നിവ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശം പകരുക എന്നതായിരുന്നു ആഘോഷത്തിന്റെ പ്രധാന ലക്ഷ്യം.

