കരട് ബിൽ 2023-ൽ സർക്കാരിന് സമർപ്പിച്ചു; നിയമനിർമാണത്തിന് സമയക്രമം പ്രഖ്യാപിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം | ഒക്ടോബർ 27, 2026 | Ananthapuri Online News
കേരളത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ കൺസൾട്ടൻസികൾക്കും അഡ്മിഷൻ ഏജൻസികൾക്കും നിർബന്ധിത രജിസ്ട്രേഷനും നിയന്ത്രണവും ഉത്തരവാദിത്വവും ഉറപ്പാക്കുന്ന നിയമം അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് WAPSI സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും. ഒക്ടോബർ 28 ബുധനാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്താണ് സമരം.
അഡ്മിഷൻ തട്ടിപ്പുകളും വിദ്യാർത്ഥികളുടെ ചൂഷണവും തടയുന്നതിനായി നിയമനിർമാണം വേഗത്തിലാക്കണമെന്നും ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള സമയക്രമം സർക്കാർ പ്രഖ്യാപിക്കണമെന്നും WAPSI ദേശീയ പ്രസിഡന്റ് എം. കെ. തോമസ് ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
2023-ൽ കരട് ബിൽ സമർപ്പിച്ചു
വിദ്യാർത്ഥികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസ കൺസൾട്ടൻസികളുടെയും അഡ്മിഷൻ ഏജൻസികളുടെയും പ്രവർത്തനം നിയമപരമായ നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവരണമെന്ന ആവശ്യം സംഘടന വർഷങ്ങളായി ഉന്നയിച്ചുവരികയാണെന്ന് എം. കെ. തോമസ് പറഞ്ഞു.
ഇതിന്റെ ഭാഗമായി നിയമത്തിന്റെ കരട് ബിൽ 2023-ൽ സർക്കാരിന് സമർപ്പിച്ചിരുന്നു. സർക്കാർ ഉത്തരവും പഠന നടപടികളും കരട് ബിൽ സമർപ്പണവും നടന്നിട്ടും നിയമനിർമാണം ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണ് സംഘടനയുടെ ആരോപണം.
നിയമസഭയിൽ ബിൽ അവതരിപ്പിക്കണമെന്ന് ആവശ്യം
വിദ്യാർത്ഥികൾക്ക് അഡ്മിഷനുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽനിന്നും ചൂഷണങ്ങളിൽനിന്നും സംരക്ഷണം ഉറപ്പാക്കാൻ വ്യക്തമായ നിയമസംവിധാനം അനിവാര്യമാണെന്ന് WAPSI ചൂണ്ടിക്കാട്ടി. പുതിയ സർക്കാർ ശേഷിക്കുന്ന നടപടികൾ അടിയന്തരമായി പൂർത്തിയാക്കി ബിൽ നിയമസഭയിൽ അവതരിപ്പിക്കണമെന്നും നിയമനിർമാണത്തിനുള്ള സമയക്രമം വ്യക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒക്ടോബർ 28-ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ സമാധാനപരമായ ധർണ സംഘടിപ്പിക്കുന്നത്.

