Ananthapuri Online News

Anantham Athivegam Ananthapuri Varthakal

പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും നീക്കണം; രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്ന് എം.എം. ഹസ്സൻ

തിരുവനന്തപുരം: പി.എസ്.സിയിലെ നിയമന ക്രമക്കേടുകളും ഗുരുതരമായ അഴിമതി ആരോപണങ്ങളും ഉയർന്ന സാഹചര്യത്തിൽ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും സ്ഥാനത്തുനിന്ന് നീക്കാൻ സംസ്ഥാന സർക്കാർ രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസ്സൻ ആവശ്യപ്പെട്ടു.

പി.എസ്.സിയുമായി ബന്ധപ്പെട്ട നിയമന ക്രമക്കേടുകളിൽ സംസ്ഥാന സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. കേസുമായി ബന്ധപ്പെട്ട് പി.എസ്.സിയുടെ മുൻ ഡെപ്യൂട്ടി സെക്രട്ടറിയെയും രണ്ടാം പ്രതിയായ അഡീഷണൽ സെക്രട്ടറിയെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പി.എസ്.സി ചെയർമാനെ ക്രൈംബ്രാഞ്ച് ആറു മണിക്കൂറോളം ചോദ്യം ചെയ്തതായും കൂടുതൽ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചെയർമാനടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നതിനായി സർക്കാരിന്റെ അനുമതി തേടിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് എം.എം. ഹസ്സൻ പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ചെയർമാനും അംഗങ്ങളും തൽസ്ഥാനങ്ങളിൽ തുടരുന്നത് നിയമപരമായും ധാർമികമായും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തിൽ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും രാഷ്ട്രപതിക്ക് സുപ്രീംകോടതിയോട് അന്വേഷണം നടത്താൻ ആവശ്യപ്പെടാനുള്ള വ്യവസ്ഥ ഭരണഘടനയിലുണ്ടെന്നും എം.എം. ഹസ്സൻ ചൂണ്ടിക്കാട്ടി. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട പി.എസ്.സി അംഗങ്ങളെ ഔദ്യോഗിക ചുമതലകളിൽനിന്ന് മാറ്റിനിർത്തുന്നതിനുള്ള നിയമപരമായ സാധ്യതകളും പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ തൊഴിലില്ലാത്ത യുവാക്കളെ വഞ്ചിക്കുകയും പി.എസ്.സിയുടെ വിശ്വാസ്യത തകർക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ആരോപിച്ച എം.എം. ഹസ്സൻ, ചെയർമാനെയും അംഗങ്ങളെയും സ്ഥാനങ്ങളിൽ തുടരാൻ അനുവദിക്കരുതെന്നും വ്യക്തമാക്കി.

ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും സ്ഥാനത്തുനിന്ന് നീക്കുന്നതിനാവശ്യമായ നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്നും എം.എം. ഹസ്സൻ ആവശ്യപ്പെട്ടു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!