കൊച്ചി: ഇന്ത്യൻ ഭക്ഷ്യ സംരംഭങ്ങളുടെ ആഗോള വിപണി സാധ്യതകളും അന്താരാഷ്ട്ര വാണിജ്യ പങ്കാളിത്തവും ലക്ഷ്യമിട്ട് സീബെറി ഫുഡ്സ് സംഘടിപ്പിക്കുന്ന ‘ഫുഡ് ആൻഡ് പ്രോട്ടീൻ സമ്മിറ്റ് 2026’ നവംബർ 4ന് കൊച്ചിയിൽ നടക്കും. ഭക്ഷ്യ വ്യവസായ മേഖലയിലെ പ്രമുഖർ, യൂറോപ്പിൽ നിന്നുള്ള വിതരണക്കാർ, സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയായ എംപെഡയിലെ (MPEDA) ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി ബിസിനസ് വിപുലീകരണവും സഹകരണവും ലക്ഷ്യമിട്ട് ഒരു അന്താരാഷ്ട്ര കമ്പനിയുമായും രണ്ട് ഇന്ത്യൻ കമ്പനികളുമായും സീബെറി സുപ്രധാന കരാറുകളിൽ ഒപ്പുവെക്കും.
രണ്ട് പതിറ്റാണ്ടിലേറെയായി കൊച്ചി ആസ്ഥാനമായി മാംസ-സമുദ്രോൽപ്പന്ന വിതരണ, കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് സീബെറി. ഇന്ത്യയിലെയും വിദേശത്തെയും വിപണികളെ തമ്മിൽ ബന്ധിപ്പിച്ച് ഭക്ഷ്യ വ്യവസായ മേഖലയിലെ ബിസിനസ് വളർച്ചയ്ക്ക് പ്രായോഗിക മാർഗങ്ങൾ കണ്ടെത്തുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
രണ്ട് സെഷനുകളിലായാണ് സമ്മിറ്റ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സെഷനിൽ ആഗോള ഭക്ഷ്യ വിപണികളിലെ അവസരങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യും. അന്താരാഷ്ട്ര ഉൽപ്പന്ന മാനദണ്ഡങ്ങൾ, വിലനിർണയം, ലോജിസ്റ്റിക്സ്, ഉപഭോക്തൃ പ്രതീക്ഷകൾ തുടങ്ങിയ വിഷയങ്ങളും വിലയിരുത്തും.
രണ്ടാമത്തെ സെഷനിൽ സമുദ്രോൽപ്പന്നങ്ങളും മാംസവും ഉൾപ്പെടുന്ന ഇന്ത്യയുടെ പ്രോട്ടീൻ വ്യവസായ മേഖലയിലെ സാധ്യതകൾക്കും ബിസിനസ് വിപുലീകരണ തന്ത്രങ്ങൾക്കും പ്രാധാന്യം നൽകും.
മാറിവരുന്ന ഉപഭോഗ രീതികൾക്കനുസരിച്ച് ഭക്ഷ്യസംസ്കരണം, കോൾഡ് ചെയിൻ അടിസ്ഥാന സൗകര്യങ്ങൾ, വിതരണ ശൃംഖല എന്നിവ നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പ്രായോഗിക പരിഹാരങ്ങളും ഉച്ചകോടിയിൽ ചർച്ചയാകും.
ഹോട്ടൽ, റസ്റ്റോറന്റ്, കാറ്ററിങ് (HORECA), റീട്ടെയിൽ മേഖലകളിൽ പുതിയ ബിസിനസ് മാതൃകകൾ രൂപപ്പെടുത്തുന്നതിനും സംരംഭകർക്ക് മികച്ച വാണിജ്യ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും സമ്മിറ്റിലെ ചർച്ചകൾ സഹായകമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
സമ്മിറ്റിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് +91 8113920112 എന്ന നമ്പറിൽ ബന്ധപ്പെടാം.
Ananthapuri Online News | കൊച്ചി

