തിരുവനന്തപുരം: പോലീസും ജനങ്ങളും തമ്മിലുള്ള സൗഹൃദവും പരസ്പരബന്ധവും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പേരൂർക്കട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്കും കുടുംബാംഗങ്ങൾക്കുമായി വിനോദയാത്ര സംഘടിപ്പിച്ചു.

പേരൂർക്കട പോലീസ് സ്റ്റേഷൻ എസ്.ഐ. സുരേഷ് കുമാർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റേഷൻ സി.ആർ.ഒ. മുഹമ്മദ് ഷിറാസ്, ജനമൈത്രി കോ-ഓർഡിനേറ്റർ സിന്ധു ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്.
ഏകദേശം 50 പേരടങ്ങുന്ന സംഘമാണ് യാത്രയിൽ പങ്കെടുത്തത്. തേക്കടി വന്യജീവി സംരക്ഷണ കേന്ദ്രം, കമ്പത്തെ മുന്തിരിത്തോട്ടങ്ങൾ, പരുന്തുംപാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സംഘം സന്ദർശിച്ചു.

പോലീസും റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഒരുമിച്ചുചേർന്ന യാത്ര സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും മനോഹരമായ അനുഭവമായി മാറി. ജനമൈത്രി പോലീസ് പദ്ധതിയുടെ ഭാഗമായി ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനും ഇത്തരം കൂട്ടായ്മകൾ സഹായകരമാകും.

