Ananthapuri Online News

Anantham Athivegam Ananthapuri Varthakal

സച്ചിദാനന്ദനും, അഭിലാഷ് പിള്ളയ്ക്കും, നന്ദിനിക്കും ഓംചേരി പുരസ്കാരങ്ങൾ

തിരുവനന്തപുരം: മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രൊഫ. സച്ചിദാനന്ദനെ പ്രഥമ ‘ഓംചേരി സാഹിത്യപ്രതിഭ’ പുരസ്കാരത്തിന് തെരഞ്ഞെടുത്തു. ഡൽഹിയിലെ ഓംചേരി ഫൗണ്ടേഷനും ത്രിക്കലാഗുരുകുലവും സംയുക്തമായാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

നാടക രംഗത്തെ യുവപ്രതിഭയ്ക്കുള്ള ഓംചേരി നാടക പുരസ്കാരത്തിന് തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ് ഡയറക്ടർ ഡോ. അഭിലാഷ് പിള്ള അർഹനായി. ശാസ്ത്രീയ സംഗീതരംഗത്തെ യുവപ്രതിഭയ്ക്കുള്ള ‘ലീലാ ഓംചേരി യുവപ്രതിഭാ സംഗീത പുരസ്കാരത്തിന്’ സ്വാതിതിരുനാൾ സംഗീത കോളേജിലെ ഡോ. എൻ.ജെ. നന്ദിനിയെയും തെരഞ്ഞെടുത്തു.

21,000 രൂപയും പ്രശസ്തിപത്രവും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകൽപ്പന ചെയ്ത ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം.

ഓംചേരിയുടെ രണ്ടാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് നവംബർ 23-ന് തിരുവനന്തപുരത്തെ ബിഷപ്പ് പെരേര ഹാളിൽ നടക്കുന്ന ചടങ്ങിൽ വി.ഡി. സതീശൻ പുരസ്കാരങ്ങൾ സമ്മാനിക്കും. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, വി.പി. ജോയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

നാടക വിഭാഗം പുരസ്കാര നിർണയ സമിതിയിൽ പ്രൊഫ. അലിയാർ, ശ്യാമപ്രസാദ്, ഡോ. പ്രമോദ് പയ്യന്നൂർ എന്നിവരും സംഗീത വിഭാഗം ജൂറിയിൽ പ്രൊഫ. കുമാരകേരളവർമ്മ, ഡോ. ദീപ്തി ഓംചേരി, ഡോ. ശ്രീലേഖ ശിവൻ എന്നിവരും അംഗങ്ങളായിരുന്നു.

നാട്യ-സാഹിത്യ-സംഗീത മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനൊപ്പം കലാ-സാംസ്കാരിക രംഗത്തെ സംഭാവനകൾക്ക് അംഗീകാരം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഓംചേരി ഫൗണ്ടേഷൻ ഈ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!