കൊളംബോ: ശ്രീലങ്ക സന്ദർശിക്കുന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ശ്രീലങ്കയും സൗഹൃദ രാഷ്ട്രങ്ങളും അടുത്ത അയൽരാജ്യങ്ങളും സമുദ്ര പങ്കാളികളുമെന്ന നിലയിൽ തമ്മിലുള്ള ബഹുമുഖ സഹകരണത്തിന്റെ വിവിധ മേഖലകൾ ഇരു നേതാക്കളും ചർച്ച ചെയ്തു.
വികസനത്തിനും ജനക്ഷേമത്തിനുമായി ഇരു രാജ്യങ്ങളും തുടർന്നും ഒരുമിച്ച് പ്രവർത്തിക്കുമെന്നും മേഖലയിലെ സുരക്ഷ, ക്ഷേമം, സമാധാനം, സമൃദ്ധി എന്നിവ ഉറപ്പാക്കുന്നതിനായി സംയുക്ത നടപടികൾ ശക്തിപ്പെടുത്തുമെന്നും നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു.
രക്ഷാമന്ത്രി രാജ്നാഥ് സിംഗിന് ഹൃദ്യമായ സ്വീകരണം നൽകിയ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള മുൻകാല ആശയവിനിമയങ്ങൾ അനുസ്മരിച്ചു.
ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾക്കായി ശ്രീലങ്കൻ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെയും സുരക്ഷാ സഹകരണത്തിന്റെയും പ്രാധാന്യവും കൂടിക്കാഴ്ചയിൽ ഉയർന്നു.
ദിത്വ ചുഴലിക്കാറ്റിനോടനുബന്ധിച്ച് ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ഇന്ത്യ നൽകിയ ദുരിതാശ്വാസ സഹായങ്ങൾക്ക് പ്രസിഡന്റ് ദിസ്സനായകെ നന്ദി അറിയിച്ചു.
ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളിലെ പുനർനിർമ്മാണ, പുനരധിവാസ പ്രവർത്തനങ്ങൾക്കായി ന്യൂഡൽഹി പ്രഖ്യാപിച്ച സമഗ്ര പുനരധിവാസ പാക്കേജിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ശ്രീലങ്കയുടെ ഏറ്റവും അടുത്ത സുഹൃത്തും അയൽരാജ്യവുമെന്ന നിലയിൽ അടിയന്തര ഘട്ടങ്ങളിൽ ആദ്യം പ്രതികരിക്കുന്ന രാജ്യമായി സഹായം നൽകുന്നത് ഔദാര്യമല്ലെന്നും മറിച്ച് ഉത്തരവാദിത്തമായാണ് ഇന്ത്യ കാണുന്നതെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഭാവിയിലും ഈ പിന്തുണ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പ്രതിരോധ സേന ശ്രീലങ്കയിൽ നിർമ്മിച്ച മൂന്ന് ബെയ്‌ലി പാലങ്ങൾ രാജ്നാഥ് സിംഗും പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയും ചേർന്ന് വെർച്വലായി ഉദ്ഘാടനം ചെയ്തു.
ദുരന്ത സാഹചര്യങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ജനങ്ങളുടെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും ഇത്തരം പദ്ധതികൾ സഹായകരമാകും.
ശ്രീലങ്കൻ വ്യോമസേനയ്ക്കായി ഇന്ത്യ നേരത്തെ നൽകിയ L70 വ്യോമ പ്രതിരോധ തോക്കുകളുടെ നവീകരണത്തിനുള്ള ധാരണാപത്രവും ഇരു രാജ്യങ്ങളും കൈമാറി.
ശ്രീലങ്കയിലെ നിർണായക ആസ്തികളുടെ വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താൻ ഈ നവീകരണം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ നാഷണൽ ഡിഫൻസ് കോളേജും (NDC) ശ്രീലങ്കൻ നാഷണൽ ഡിഫൻസ് കോളേജും തമ്മിലുള്ള അക്കാദമിക സഹകരണത്തിനുള്ള ധാരണാപത്രവും കൈമാറി. ഇരു സ്ഥാപനങ്ങൾക്കുമിടയിലെ അറിവ് പങ്കുവെക്കലിനും അക്കാദമിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇത് വഴിയൊരുക്കും.
ഇന്ത്യയിലെയും ശ്രീലങ്കയിലെയും നാഷണൽ കേഡറ്റ് കോർപ്സ് (NCC) തമ്മിലുള്ള സഹകരണത്തിനുള്ള ധാരണാപത്രവും കൈമാറി. ഇതിലൂടെ ഇരു രാജ്യങ്ങളിലെയും യുവ കേഡറ്റുകൾ തമ്മിലുള്ള ആശയവിനിമയവും പരിശീലന സഹകരണവും കൂടുതൽ ഔദ്യോഗികവും ശക്തവുമാകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൻസിസി കേഡറ്റുകൾക്ക് എല്ലാ വർഷവും ന്യൂഡൽഹിയിലെത്തി വിവിധ എൻസിസി പരിപാടികളിൽ പങ്കെടുക്കുന്നതിനുള്ള അവസരവും ഈ യൂത്ത് എക്സ്ചേഞ്ച് പരിപാടി നൽകുന്നു.
ഇന്ത്യ–ശ്രീലങ്ക പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണം വിപുലീകരിക്കുന്നതിനും രാജ്നാഥ് സിംഗിന്റെ ശ്രീലങ്ക സന്ദർശനം പുതിയ വഴിത്തിരിവാകുകയാണ്.
തിരുവനന്തപുരം: രാജ്യത്തെ എല്ലാ പൗരന്മാർക്കും അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും ലഭ്യമാക്കുന്നതിനായി സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ…
തിരുവനന്തപുരം: അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷയും സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാൻ സംസ്ഥാനവ്യാപക കർമ്മപദ്ധതിയുമായി വനിതാ ശിശു വികസന വകുപ്പ്.…
തിരുവനന്തപുരം: ടിക്കറ്റ് വിൽപ്പനയിലൂടെ മികച്ച നേട്ടം സ്വന്തമാക്കി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി). ഒക്ടോബർ 22 വ്യാഴാഴ്ച…
'പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം വിഷയത്തിൽ കേരള വനിതാ കമ്മീഷൻ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു സ്ത്രീകളുടെ സാമൂഹികവും…
2026 ഒക്ടോബർ 15 വ്യാഴാഴ്ച തിരുവനന്തപുരം റെയിൽവേ ഡിവിഷനു മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ…
തിരുവനന്തപുരം: കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ ആചാരങ്ങൾ, ചരിത്രം, കലാപാരമ്പര്യം എന്നിവയുടെ പ്രാധാന്യം വിളിച്ചോതുന്ന സംഗീതപരിപാടിയായ ‘ക്ഷേത്രാടനം’ ഒക്ടോബര്‍ 10ന് തിരുവനന്തപുരം…