തിരുവനന്തപുരം: സിപിഎം നേതാവ് ബേബി ജോണിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചിച്ചു. വാക്കിലും പ്രവർത്തിയിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് വ്യതിചലിക്കാതെ പ്രവർത്തിച്ച നേതാവായിരുന്നു ബേബി ജോണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ബേബി ജോണിന്റെ വിയോഗം ജനാധിപത്യ മതേതര ചേരിക്ക് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
‘ഇടതുപക്ഷ രാഷ്ട്രീയത്തിന് ആശയക്കരുത്തേകിയ നേതാവ്’; എം.എ. ബേബി
ബേബി ജോണിന്റെ വേർപാട് അതീവ വേദനയോടെയാണ് അറിഞ്ഞതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം.എ. ബേബി അനുശോചന സന്ദേശത്തിൽ പറഞ്ഞു. സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി നടന്നുകൊണ്ടിരിക്കെയാണ് സഖാവിന്റെ വിയോഗ വാർത്ത എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കാകെയും വലിയ നഷ്ടമാണ് ബേബി ജോണിന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് എം.എ. ബേബി പറഞ്ഞു.
സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം, ജില്ലാ സെക്രട്ടറി, സിഐടിയു ജില്ലാ സെക്രട്ടറി എന്നീ നിലകളിലെല്ലാം മികവോടെ പ്രവർത്തിച്ച ബേബി ജോൺ കഴിവുറ്റ സംഘാടകനും പ്രാസംഗികനുമായിരുന്നു.
അധ്യാപകൻ, സമരപോരാളി, സംഘാടകൻ, ജനപ്രതിനിധി, തൊഴിലാളി നേതാവ്, സഹകാരി തുടങ്ങി വിവിധ മേഖലകളിൽ ജനങ്ങൾക്കിടയിൽ സജീവമായിരുന്ന നേതാവിനെയാണ് ബേബി ജോണിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്നും എം.എ. ബേബി അനുസ്മരിച്ചു.
സൈദ്ധാന്തികവും പ്രായോഗികവുമായ പ്രവർത്തനങ്ങൾ ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നിരവധി സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ബേബി ജോണിന് അടിയന്തരാവസ്ഥക്കാലത്തും ജയിൽവാസം അനുഭവിക്കേണ്ടി വന്നിരുന്നു.
ഡിഐആർ പ്രകാരം രണ്ടുതവണ അറസ്റ്റിലായ അദ്ദേഹം അടിയന്തരാവസ്ഥയിലെ കേസുകളുടെ ഭാഗമായി ഒന്നര വർഷത്തോളം സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരം നടപടികളൊന്നും അദ്ദേഹത്തെ തളർത്തിയില്ലെന്നും പകരം കൂടുതൽ കരുത്തോടെ സമര-സംഘടനാ പ്രവർത്തനങ്ങളുടെ മുൻനിരയിൽ അദ്ദേഹം അണിനിരന്നെന്നും എം.എ. ബേബി പറഞ്ഞു.
സിപിഐ എമ്മിനുണ്ടായിരിക്കുന്ന നഷ്ടം ഏറെ വലുതാണ്. ബേബി ജോണിന്റെ വേർപാടിൽ പാർട്ടി സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നതായും എം.എ. ബേബി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രിയ സഖാവിന് അന്ത്യാഭിവാദനങ്ങൾ.
