AI, മെഷീൻ ലേണിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലെ മാറ്റങ്ങൾക്കനുസരിച്ച് നിയമവിദഗ്ധർ പുതിയ നിയമസാധ്യതകളും വെല്ലുവിളികളും ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) അതിവേഗ വളർച്ചയ്ക്കൊപ്പം ഉയർന്നുവരുന്ന പുതിയ നിയമപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ പുതിയ തലമുറയിലെ നിയമവിദഗ്ധർ തയാറാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സാങ്കേതികവിദ്യ എത്രമാത്രം വികസിച്ചാലും അതിനനുസരിച്ച് പുതിയ നിയമസാധ്യതകളും വെല്ലുവിളികളും ഉയർന്നുവരുമെന്നും അവ തിരിച്ചറിയാനും നിയമപരമായി കൈകാര്യം ചെയ്യാനും കഴിയുന്ന തരത്തിൽ നിയമവിദ്യാഭ്യാസം കാലാനുസൃതമായി മാറണമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലെ 2026 പാസൗട്ട് ബാച്ചിന്റെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിലെ അതിവേഗ വളർച്ച നിയമരംഗത്തും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. AIയുടെ ഉപയോഗം വർധിച്ചതോടെ പകർപ്പവകാശം, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളിൽ പുതിയ നിയമപ്രശ്‌നങ്ങൾ ഉയർന്നുവരുന്നുണ്ട്. സിനിമാ മേഖലയിലെ പൈറസി ഉൾപ്പെടെയുള്ള വിഷയങ്ങളിലും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിയമപരമായ വെല്ലുവിളികൾ വർധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമബിരുദധാരികൾക്ക് പുതിയ തൊഴിൽസാധ്യതകൾ
നിയമബിരുദധാരികൾ അഭിഭാഷകവൃത്തിയിൽ മാത്രം ഒതുങ്ങേണ്ടതില്ലെന്നും സർക്കാർ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിയമവിദഗ്ധരുടെ സേവനം ആവശ്യമായി വരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മാറിവരുന്ന സാങ്കേതികവും സാമൂഹികവുമായ സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ നിയമമേഖലകളിലേക്ക് നിയമവിദഗ്ധർ കടന്നുവരണം. ഇതിലൂടെ നിയമബിരുദധാരികൾക്ക് കൂടുതൽ വിപുലമായ തൊഴിൽസാധ്യതകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മാരിടൈം ലോ പഠനത്തിന് സാധ്യത
കേരളത്തെ പ്രധാന തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള വികസന പ്രവർത്തനങ്ങൾക്കൊപ്പം മാരിടൈം ലോ പഠനത്തിനുള്ള സംവിധാനവും ഒരുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാരിടൈം നിയമരംഗത്ത് കേരളത്തിന് വലിയ സാധ്യതകളുണ്ട്. മുംബൈയിൽ നിലവിലുള്ളതുപോലെ അഡ്മിറൽറ്റി ജൂറിസ്ഡിക്ഷനുള്ള കോടതി കേരളത്തിലും സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിഗണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ലിവിംഗ് ലോ’ ആണ് നിയമം
നിയമം ഒരു ‘ലിവിംഗ് ലോ’ ആണെന്നും കാലത്തിനനുസരിച്ച് നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയിലും കാലാനുസൃതമായി നിരവധി ഭേദഗതികൾ ഉണ്ടായിട്ടുണ്ട്.
മാറുന്ന സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസരിച്ച് കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കുകയും പുതിയ നിയമനിർമാണങ്ങൾ നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമവിദ്യാർത്ഥികൾക്ക് ശക്തമായ ഭരണഘടനാപരമായ ബോധം ഉണ്ടായിരിക്കണം. സംസാരിക്കുമ്പോഴും ചിന്തിക്കുമ്പോഴും പ്രവർത്തിക്കുമ്പോഴും നിയമപരവും ഭരണഘടനാപരവുമായ ചട്ടക്കൂട് മനസിൽ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിന്റെ പാരമ്പര്യവും പ്രമുഖ പൂർവവിദ്യാർത്ഥികളെയും അനുസ്മരിച്ച മുഖ്യമന്ത്രി, താനും ഈ കലാലയത്തിലെ വിദ്യാർത്ഥിയായിരുന്നതിൽ അഭിമാനിക്കുന്നുവെന്നും പറഞ്ഞു.
സാധാരണക്കാരന് നീതി വേഗത്തിൽ ഉറപ്പാക്കണം
സാധാരണക്കാരന് നീതി ലഭിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും അത് വേഗത്തിൽ ഉറപ്പാക്കാൻ പുതിയ തലമുറയിലെ അഭിഭാഷകരും നിയമവിദഗ്ധരും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
വാർഡ് കൗൺസിലർ മേരി പുഷ്പം, മുൻ കേരള ഹൈക്കോടതി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, കേരള സർവകലാശാല ലോ ഡീൻ പ്രൊഫ. ഡോ. സിന്ധു തുളസീധരൻ, അഡ്വ. എ. സമ്പത്ത്, ലോ കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഹമീമ എം. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
