കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും കടമകളെ കുറിച്ചും വിദ്യാർത്ഥികൾക്ക് ബോധവത്കരണം നൽകുന്നതിനും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുമായി സംസ്ഥാനത്തെ സ്കൂളുകളിൽ ആദ്യമായി ബാലാവകാശ ക്ലബ്ബ് വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിൽ യാഥാർഥ്യമായി. സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ ശ്രീ. കെ. വി. മനോജ് കുമാർ ബാലാവകാശ ക്ലബ്ബ് ലോഗോ പ്രകാശനം ചെയ്തു കൊണ്ട് ഉൽഘാടനം നിർവ്വഹിച്ചു. സംസ്ഥാനത്തെ മറ്റു സ്കൂളുകളിൽ കൂടി വിതുര സ്കൂൾ മാതൃക പിന്തുടർന്ന് ബാലാവകാശ ക്ലബ്ബുകൾ രൂപീകരിക്കുന്നതിന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
വിതുര സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിലാണ് ബാലാവകാശ ക്ലബ്ബ് നിലവിൽ വന്നത്. സ്കൂൾ പി.റ്റി. എ യും വിതുര ഗ്രാമ പഞ്ചായത്തും സഹകരിച്ചാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി അവരിലൂടെ മറ്റ് വിദ്യാർത്ഥികൾക്ക് കൂടി ബോധവത്കരണം നൽകുന്ന രീതിയിലായിരിക്കും ക്ലബ്ബ് പ്രവർത്തിക്കുന്നത്. സ്കൂൾ കൗൻസിലർ കൂടിയായ ശ്രീമതി. സൂര്യ .ബി. കെ ആണ് കൻവീനർ.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി , വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി. എസ്.ബാബുരാജ്, വൈസ് പ്രസിഡന്റ് മഞ്ജുഷ ആനന്ദ് , വാർഡ് അംഗം നീതു രാജീവ് , എസ്.പി.സി.പദ്ധതി ജില്ലാ അസി.നോഡൽ ഓഫീസർ റ്റി. എസ്.അനിൽകുമാർ , പി. റ്റി. എ. പ്രസിഡന്റ് എ. സുരേന്ദ്രൻ , എസ്.എം.സി. ചെയർമാൻ വിനീഷ് കുമാർ, പ്രിൻസിപ്പൽ രാജ്കുമാർ, വൈസ് പ്രിൻസിപ്പൽ സിന്ധു ദേവി.റ്റി. എസ് ,വി. എച്ച്.എസ്.ഇ.ഇൻ.ചാർജ് മഞ്ജുഷ , സ്റ്റാഫ് സെക്രട്ടറി എം.എൻ.ഷാഫി , എസ്.പി.സി.ഇദ്യോഗസ്ഥരായ അൻവർ കെ , അൻസറുദ്ധീൻ, പ്രിയ ഐ.വി, അഞ്ചു എന്നിവർ പങ്കെടുത്തു.