തൊളിക്കോട് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കെട്ടിടസമുച്ചയം അക്കാദമിക് ലോകത്തിനായി സമർപ്പിച്ചു

വികസനം എന്നത് ഒരു നിരന്തര പ്രക്രിയയാണ്. നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് എല്ലാവരും ചേർന്ന് അത് സാക്ഷാത്ക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ കൈകോർത്തു പിടിക്കുമ്പോഴാണ് വികസന രാഷ്ട്രീയം സർഗ്ഗാത്മകമാകുന്നത്.

തിരുവനന്തപുരം തൊളിക്കോട് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്കായി നിർമ്മിച്ച പുതിയ കെട്ടിടസമുച്ചയം അക്കാദമിക് ലോകത്തിനായി സമർപ്പിച്ചു.

സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ട സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഡൊണേഷൻ നൽകാതെ പ്രൊഫഷണൽ വിദ്യാഭ്യാസം സാധ്യമാക്കുന്നതിനു വേണ്ടി ഉന്നതവിദ്യാഭ്യാസരംഗത്ത് കേരള യൂണിവേഴ്സിറ്റി തുടക്കം കുറിച്ച സ്ഥാപനങ്ങളാണ് യു ഐ ടി സെൻ്ററുകൾ.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിന് പ്രഥമ പരിഗണന നൽകി വരുന്ന ഒരുഘട്ടത്തിലാണ് നമ്മളിപ്പോൾ. സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ചും കിഫ്‌ബി ഫണ്ടുപയോഗിച്ചും റൂസ ഫണ്ടുപയോഗിച്ചും സമൂലമായ വികസന പ്രവർത്തനങ്ങളാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്നു വരുന്നത്.

ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണന കൊടുത്തുകൊണ്ടാണ് സർക്കാർ മുന്നോട്ട് നീങ്ങുന്നത്. പുത്തൻ സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടം സാധ്യമായിട്ടുള്ള കാലമാണിത്. ഒരു വൈജ്ഞാനിക വിസ്ഫോടനം തന്നെ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ വൈജ്ഞാനിക മേഖലകളും വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തിനനുസൃതമായിട്ടുള്ള പ്രവർത്തനങ്ങളിൽ ദൃഢനിശ്ചയത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നത്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനങ്ങളാക്കി മാറ്റി, കുട്ടികൾക്ക് ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസ സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ടു കാലാനുസാരിയായ പരിഷ്‌ക്കാരങ്ങളിലേക്ക് പോകുമ്പോൾ എല്ലാവരും ഒപ്പമുണ്ടാകണം.

error: Content is protected !!