സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിനായി തിരുവനന്തപുരം താലൂക്ക് ഒരുങ്ങി. മെയ് -02ന് രാവിലെ 10 മണിക്ക് എസ് എം വി സ്കൂൾ അങ്കണത്തിൽ പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷതവഹിക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. അദാലത്തിൽ മൂന്ന് മന്ത്രിമാരും പരാതികൾ നേരിൽ കേട്ട് തീർപ്പാക്കും. അദാലത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവിധ സജ്ജീകരണങ്ങളും എസ് എം വി സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ടോക്കൺ അനുസരിച്ചാണ് പരാതികൾ കേൾക്കുക. ഭിന്നശേഷിക്കാർ, പ്രായമായവർ എന്നിവരെ ആദ്യം പരിഗണിക്കും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിന് പ്രത്യേക കൗണ്ടറുകൾ ഉണ്ടാകും. സംശയങ്ങൾ ദൂരീകരിക്കാൻ ഇൻഫർമേഷൻ സെൻ്ററും സജ്ജീകരിക്കും. അദാലത്ത് കേന്ദ്രത്തിൽ കുടിവെള്ളം, ആരോഗ്യ സംവിധാനം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.