അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാര്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നതിന് സംവിധാനം വേണം: വനിത കമ്മിഷന്‍

അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ 90 ശതമാനവും സ്ത്രീകളാണെന്നും ഇവര്‍ക്ക് ആവശ്യമായ പരിരരക്ഷ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ബാലഭവനില്‍ നടന്ന ജില്ലാതല അദാലത്തിന്റെ ആദ്യദിനത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ.
അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിത അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് പബ്ലിക് ഹിയറിംഗ് നടത്തും. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പലയിടങ്ങളിലും പരാതി പരിഹാര സംവിധാനമില്ല. ഇവിടെ ഏതു സമയവും ജീവനക്കാരെ പിരിച്ചു വിടുന്ന സ്ഥിതിയുമുണ്ട്. ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് അണ്‍ എയ്ഡഡ് മാനേജ്‌മെന്റ് ഒരു തരത്തിലും പരിഗണന നല്‍കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജോലിയില്‍ നിന്നു പറഞ്ഞു വിടുമ്പോള്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും തൊഴില്‍പരിചയമുള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളും നല്‍കാതെ ഭാവി ജീവിതം അപകടത്തിലാക്കുന്ന പ്രവണത ഉണ്ട്. കേരളം പോലെ സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനത്ത് ഇത്തരം പ്രവണതകള്‍ ഭൂഷണമല്ല. ഇത്തരം പ്രവണത കാണിക്കുന്ന അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകളെ നിയന്ത്രിക്കുന്നതിന് സംവിധാനം അനിവാര്യമാണെന്ന് വിവിധ ജില്ലകളില്‍ നിന്നു ലഭിച്ച പരാതികളിലൂടെ കമ്മിഷന് ബോധ്യപ്പെട്ടിട്ടുണ്ട്. പ്രസവാനുകൂല്യത്തിന് അര്‍ഹതയില്ലെന്നു വരെ രേഖാമൂലം അറിയിപ്പ് നല്‍കിയതു സംബന്ധിച്ച് കമ്മിഷന് പരാതി ലഭിച്ചു.
വനിത കമ്മിഷന് ലഭിക്കുന്ന പല പരാതികളിലും എതിര്‍കക്ഷികള്‍ ഹാജരാകാത്ത സ്ഥിതിയുണ്ട്. ചില പരാതികളില്‍ പരാതി തന്ന ശേഷം പരാതിക്കാര്‍ തന്നെ ഹാജരാകാത്ത സ്ഥിതിയുണ്ട്. ഇരുകക്ഷികളും ഹാജരായിട്ടുണ്ടെങ്കില്‍ മാത്രമേ പ്രശ്‌നങ്ങള്‍ രമ്യമായി ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ സാധിക്കുകയുള്ളു. കമ്മിഷനു മുന്‍പാകെ പരാതി നല്‍കിയതിനു ശേഷം തങ്ങളുടെ ഉദ്ദേശ്യം കഴിഞ്ഞു എന്ന ധാരണയില്‍ പിന്നീട് വരാതിരിക്കുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ല. ചില കേസുകളില്‍ നോട്ടീസ് കിട്ടിയിട്ടും എതിര്‍കക്ഷികള്‍ ഹാജരാകാത്തതും കമ്മിഷന്റെ സിറ്റിംഗിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ വളരെയേറെ കൂടുകയാണ്. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ തമ്മില്‍ സൗഹാര്‍ദപരമായ അന്തരീക്ഷം നിലനില്‍ക്കുന്നില്ലെന്ന സാഹചര്യം പരാതിയായി ലഭിച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കേണ്ട പരിരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കാത്ത സ്ഥിതിയുമുണ്ട്. ആര്‍ഡിഒ കോടതി മുഖാന്തരം മുതിര്‍ന്ന പൗരന് സംരക്ഷണം നല്‍കണമെന്ന നിര്‍ദേശം ഉണ്ടായിട്ടും അതു മക്കള്‍ പാലിക്കുന്നില്ലെന്ന് പരാതി ലഭിച്ചു.
സര്‍ക്കാരിന്റേത് ഉള്‍പ്പെടെ പല തൊഴില്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോഷ് ആക്ട് അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്ന് കമ്മിഷന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കുന്നവര്‍ക്കു പോലും ഈ നിയമം സംബന്ധിച്ച് അജ്ഞത നിലനില്‍ക്കുന്നുണ്ടെന്ന് സിറ്റിംഗില്‍ വ്യക്തമായി. അതത് സ്ഥാപനങ്ങളില്‍ തന്നെ ഇത്തരം പരാതികള്‍ പരിഹരിക്കപ്പെടണം. ഓരോ സ്ഥാപനങ്ങളിലും വനിത കമ്മിഷന്‍ നേരിട്ടെത്തി പരാതി പരിഹിക്കുന്നത് പ്രായോഗികമല്ലെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
ആകെ 200 പരാതികളാണ് തിരുവനന്തപുരം ജില്ലാതല സിറ്റിംഗിന്റെ ആദ്യ ദിനം പരിഗണിച്ചത്. ഇതില്‍ 23 പരാതികള്‍ തീര്‍പ്പാക്കി. ഏഴു പരാതികള്‍ പോലിസിന്റെ റിപ്പോര്‍ട്ടിനായി അയച്ചു. ഒരു പരാതിയില്‍ കൗണ്‍സിലിംഗ് നടത്തുന്നതിന് നിര്‍ദേശിച്ചു. 169 പരാതികള്‍ അടുത്ത സിറ്റിംഗിലേക്കു മാറ്റി.
വനിത കമ്മിഷന്‍ മെമ്പര്‍മാരായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി എന്നിവര്‍ പരാതികള്‍ തീര്‍പ്പാക്കി. വനിത കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് കുര്യന്‍, എസ്‌ഐ അനിത റാണി, അഡ്വക്കറ്റുമാരായ സോണിയ സ്റ്റീഫന്‍, സുമയ്യ, സൂര്യ, കാവ്യപ്രകാശ്, ജിനി, കൗണ്‍സിലര്‍ രേഷ്മ എന്നിവര്‍ പങ്കെടുത്തു.

News Desk

Recent Posts

ക്രിക്കറ്റ് ആവേശം കാര്യവട്ടത്തേക്ക്! പാർക്കിംഗ് ഓർത്ത് പേടി വേണ്ട!

തിരുവനന്തപുരം: ജനുവരി 31-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ന്യൂസിലാന്റ് ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി വിപുലമായ പാർക്കിംഗ്…

2 hours ago

തിരക്കുള്ള റോഡിൽ നിസ്കരിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചു

ഇന്ന് രാവിലെ പാലക്കാടാണ് സംഭവം. വളരെ തിരക്കുള്ള സമയത്ത് റോഡിന് നടുവിൽ നിസ്‌ക്കരിച്ച് സ്ത്രീ.  പോലിസ് പിടികൂടുകയും അറസ്റ്റ് ചെയ്തു…

24 hours ago

കൊറിയന്‍ സുഹൃത്ത് മരിച്ചു, താങ്ങാനാവുന്നില്ല’; ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ കുറിപ്പ്

കൊറിയന്‍ സുഹൃത്ത് മരിച്ചെന്ന് വിവരംചോറ്റാനിക്കരയില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിപെണ്‍കുട്ടി കബളിപ്പിക്കപ്പെട്ടോയെന്ന് അന്വേഷണംഇന്നലെ രാവിലെ തിരുവാണിയൂരിലെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ്…

1 day ago

ആ രണ്ടരക്കോടി എവിടെ? കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയെന്ന് എസ്ഐടി

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടിൽ ദുരൂഹത സംശയിച്ച് പ്രത്യേക അന്വേഷണ സംഘം. സ്വകാര്യ ധനകാര്യ…

1 day ago

2024 ലെ കേരള ശാസ്ത്രപുരസ്‌കാരത്തിന് ഡി ആർ ഡി ഒ (DRDO) (ഏറോനോട്ടിക്കൽ  സിസ്റ്റംസ്) മുൻ  ഡയറക്ടർ ജനറലായ ഡോ.ടെസ്സി തോമസ്സ് -നെ തിരഞ്ഞെടുത്തു

2024 ലെ കേരള ശാസ്ത്രപുരസ്‌കാരത്തിന് ഡി ആർ ഡി ഒ (DRDO) (ഏറോനോട്ടിക്കൽ  സിസ്റ്റംസ്) മുൻ  ഡയറക്ടർ ജനറലായ ഡോ.ടെസ്സി…

2 days ago

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍

അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ നേത്ര പടല അന്ധതക്ക് പ്രതിവിധി നല്‍കുന്ന കോര്‍ണിയ…

2 days ago