പരിശീലനം ലഭിച്ചാല്‍ ഏതു തൊഴിലും ചെയ്യാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് സമൂഹത്തിന് തിരിച്ചറിവുണ്ടാവണമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കേരളത്തിലെ ഹോട്ടല്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് കേരള വനിതാ കമ്മിഷന് തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന് അധ്യക്ഷ.
സ്ത്രീകള്‍ തൊഴിലെടുത്ത് കുടുംബം പുലര്‍ത്തുന്നത് പൂര്‍ണമായി അംഗീകരിക്കാനുള്ള മാനസികാവസ്ഥ മുന്‍ കാലങ്ങളില്‍ സമൂഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍, ഇന്നു സ്ഥിതി മാറി. തൊഴില്‍ ചെയ്യുന്ന സ്ത്രീകളെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് സമൂഹം കാണുന്നത്. മുന്‍ കാലത്ത് തൊഴിലിടങ്ങളിലേക്ക് കടന്നു വരാന്‍ സ്ത്രീകളും മടി കാണിച്ചിരുന്നു. പുരുഷന്റെ മാത്രം വരുമാനം കൊണ്ടു കുടുംബം പുലര്‍ത്താന്‍ സാധിക്കില്ലെന്ന സ്ഥിതിയിലാണ് സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്നതിനായി വിവിധ മേഖലകളിലേക്ക് കടന്നു വന്നത്.
തൊഴിലുറപ്പ് പദ്ധതി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത് സ്ത്രീകളാണ്. വലിയ മാറ്റങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതി വഴിയൊരുക്കി. വിവിധ കൃഷിപ്പണികള്‍, കുളത്തിന്റെ പടവ് നിര്‍മാണം, കെട്ടിടവും അനുബന്ധ സാമഗ്രികളുടെയും നിര്‍മാണം ഉള്‍പ്പെടെ തൊഴിലുറപ്പ് പദ്ധതിയില്‍ സ്ത്രീകള്‍ ഇന്നു ചെയ്യുന്നുണ്ട്.
പുതിയ തലമുറയ്ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ മുന്നേറ്റം കൈവരിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കേണ്ടതുണ്ട്. നിലവിലുള്ള നിയമങ്ങളുടെ ആനുകൂല്യങ്ങളും പരിരക്ഷയും സ്ത്രീകള്‍ക്ക് പൂര്‍ണമായി ലഭ്യമാകുന്നെന്ന് ഉറപ്പാക്കേണ്ടതുണ്ട്. തൊഴില്‍ മേഖലയില്‍ പുരുഷനും സ്ത്രീക്കും ലഭിക്കുന്ന കൂലിയില്‍ അന്തരം നിലനില്‍ക്കുന്നുണ്ട്. വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രസവ ആനുകൂല്യം തൊഴിലുടമകള്‍ ലഭ്യമാക്കുന്നില്ലെന്ന പരാതികള്‍ വനിത കമ്മിഷന് ലഭിക്കുന്നുണ്ട്. അണ് എയ്ഡഡ് മേഖലയില്‍ അധ്യാപകര്‍ ഉള്‍പ്പെടെ വനിതാ ജീവനക്കാര്‍ക്ക് തങ്ങളുടെ ശമ്പളം എത്രയാണെന്ന് കൃത്യമായി പറയാന്‍ സാധിക്കാത്ത വിധം ചൂഷണത്തിന് ഇരകളാകുന്നുണ്ട്.
ഭൂമി ദേവിയെ പോലെ എല്ലാം സഹിക്കേണ്ടവരാണ് സ്ത്രീകള്‍ എന്ന ധാരണയ്ക്ക് മാറ്റമുണ്ടായി കഴിഞ്ഞു. തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അന്തസ് പരിരക്ഷിച്ച് ജോലി ചെയ്യാനാകണം. ഓരോ തൊഴിലാളിയും തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച് അവബോധമുള്ളവരായി മാറണം. നിര്‍ഭയമായി സംസാരിക്കുന്നതിനും അനീതികള്‍ക്കെതിരേ പ്രതികരിക്കുന്നതിനുമുള്ള ശേഷി കൈവരിക്കാന്‍ സ്ത്രീ സമൂഹത്തെ സജ്ജമാക്കുകയാണ് വനിതാ കമ്മിഷന്റെ ലക്ഷ്യം. ശാക്തീകരണം കൈവരിക്കാന്‍ എത്രത്തോളം സാധ്യമായിട്ടുണ്ടെന്ന് ഓരോ സ്ത്രീക്കും ആത്മപരിശോധന നടത്താന്‍ കഴിയണം.
പബ്ലിക് ഹിയറിംഗിലൂടെ വിവിധ തൊഴില്‍ മേഖലകളിലെ സ്ത്രീകള്‍ക്ക് തങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തുറന്നു പറയുന്നതിനുള്ള അവസരമാണ് വനിതാ കമ്മിഷന് ഒരുക്കിയിട്ടുള്ളത്. പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ തയാറായി മുന്നോട്ടു വരണം. പബ്ലിക് ഹിയറിംഗിന്റെ ഭാഗമായി വിവിധ മേഖലകളിലെ സ്ത്രീകളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച് ബോധവല്‍ക്കരണവും നല്‍കുന്നുണ്ടെന്നും വനിതാ കമ്മിഷന് അധ്യക്ഷ പറഞ്ഞു.
തൊടുപുഴ നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന് അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്, വി.ആര്. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്, ജില്ലാ ലേബര്‍ ഓഫീസര്‍ ആര്. സ്മിത, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അബി സെബാസ്റ്റ്യന്‍, വനിതാ കമ്മിഷന് റിസര്‍ച്ച് ഓഫീസര്‍ എ.ആര്. അര്‍ച്ചന എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ ഹോട്ടല്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച ഡെപ്യുട്ടി ലേബര്‍ ഓഫീസര്‍ പി.എം. ഫിറോസ് നയിച്ചു.
പബ്ലിക് ഹിയറിംഗില്‍ ഉയര്‍ന്ന പ്രധാന അഭിപ്രായങ്ങള്‍
***തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് ഇടവേളകളില്‍ ഇരുന്ന് വിശ്രമിക്കുന്നതിന് കേരള സര്‍ക്കാര്‍ നടത്തിയ നിയമനിര്‍മാണം വിപ്ലവകരമാണെന്ന് പബ്ലിക് ഹിയറിംഗ് വിലയിരുത്തി.
***ഹോട്ടലുകളില്‍ പച്ചക്കറികള്‍ ഉള്‍പ്പെടെ കഴുകുമ്പോള്‍ കൈകളുടെ ആരോഗ്യം നശിക്കുന്ന സ്ഥിതിയുണ്ട്.
***10 മുതല്‍ 20 പേര് വരെ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും എമര്‍ജന്‍സി മെഡിക്കല്‍ കിറ്റ് അല്ലെങ്കില്‍ മെഡിക്കല്‍ യൂണിറ്റിന്റെ സേവനം ആവശ്യമാണ്.
***തൊഴില്‍ നിയമങ്ങള്‍, സേവന- വേതന വ്യവസ്ഥകള്‍ എന്നിവയെ കുറിച്ച് വ്യക്തമായ ധാരണയില്ല. ഇതിനായി അവബോധ ക്ലാസ് നടത്തണം.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…