Categories: HEALTHKERALANEWS

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് എന്നും അനുഭാവപൂര്‍ണ്ണ സമീപനം: മന്ത്രി ഡോ. ആർ ബിന്ദു

ആധുനിക സൗകര്യങ്ങളോടെ പത്ത്  ബഡ്‌സ് സ്‌കൂളുകൾ സ്ഥാപിച്ചതടക്കം കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്നും അനുഭാവപൂര്‍ണ്ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിനായി സുപ്രീംകോടതിയെ സമീപിച്ചത് ഡിവൈഎഫ്ഐ എന്ന യുവജന സംഘടനയാണെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ പ്രതിപക്ഷനേതാവ് ശ്രീ. വി . ഡി. സതീശൻ ഉന്നയിച്ച സബ്മിഷന് മറുപടി ‌നൽകുകയായിരുന്നു മന്ത്രി ഡോ. ബിന്ദു.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ജില്ലയിലെ കശുമാവു തോട്ടങ്ങളില്‍ 1978 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചത് ദോഷകരമായി ബാധിച്ച 11 ഗ്രാമപഞ്ചായത്തുകളിലെയും ദുരിതബാധിതർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. 2016 മുതല്‍ 2023 വരെയുളള കാലഘട്ടങ്ങളില്‍ കാസർഗോഡ് ജില്ലയിലെ എൻഡോസള്‍ഫാൻ ദുരിതബാധിതർക്കായി ബഹു. സുപ്രീം കോടതി വിധി പ്രകാരമുള്ള  അഞ്ചു ലക്ഷം രൂപയുടെ ധനസഹായമുള്‍പ്പെടെ സംസ്ഥാന സർക്കാർ ആകെ 456,19,38,884/-  (നാനൂറ്റി അമ്പത്തിയാറ് കോടി പത്തൊൻപത്  ലക്ഷത്തി മുപ്പത്തിയെണ്ണായിരത്തി  എണ്ണൂറ്റി എൺപത്തിനാല്  കോടി) രൂപ ചെലവഴിച്ചു. 2010 മുതല്‍ 2017 വരെ നടത്തിയ വിവിധ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പുകള്‍ വഴി എൻഡോസള്‍ഫാൻ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട  6600 വ്യക്തികള്‍ക്ക് ഇപ്രകാരം ധനസഹായം നൽകി. ദുരന്തത്തിന് കാരണക്കാരായവരിൽനിന്നും നഷ്ടപരിഹാരം ഈടാക്കാൻ സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം സബ് കോടതി മുമ്പാകെ സിവില്‍ കേസും ഫയലാക്കി (O.S.2/2019 നമ്പർ).

കാസർഗോഡ് എൻഡോസള്‍ഫാൻ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവർക്ക് സൗജന്യമായി ചികിത്സയും സ്പെഷ്യലിസ്റ്റ് സേവനങ്ങളും മരുന്നുകളും തെറാപ്പികളും ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളും നല്കിവരുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി  എന്‍ഡോസള്‍ഫാന്‍ റീഹാബിലിറ്റേഷന്‍ സെല്ലും രൂപീകരിച്ചിട്ടുണ്ട്.

കൂടാതെ, ദുരിതബാധിത മേഖലയിലെ പത്ത്‌ ബഡ്സ്‌ സ്കൂളുകളെ ആവശ്യമായ ആധുനിക സൗകര്യങ്ങള്‍ ഒരുക്കി ഓരോ കുട്ടിയ്ക്കും സേവനം ഉറപ്പുവരുത്താന്‍ കഴിയുന്ന വിധത്തില്‍ മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററുകളായി (മാതൃകാ ബാല പുനരധിവാസ കേന്ദ്രം – എംസിആർസി) ഉയര്‍ത്തുവാന്‍ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്‍ ആറ് ബഡ്സ് സ്കൂളുകളെ മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററുകളായി ഉയര്‍ത്തി. ബാക്കി നാല് ബഡ്സ് സ്കൂളുകളെ മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററുകളായി ഉയര്‍ത്താൻ നടപടികള്‍ പൂര്‍ത്തീകരിച്ചു. ഫെബ്രുവരി അവസാന വാരത്തോടെ അവ പൂര്‍ണ്ണമായും സജ്ജമാക്കി ഗുണഭോക്താക്കള്‍ക്ക്  തുറന്നുകൊടുക്കും. അതോടെ ജില്ലയിലെ 10 ബഡ്സ് സ്കൂളുകളും മാതൃകാ ബാലപുനരധിവാസ കേന്ദ്രം ആകും.

ദുരിതബാധിതരുടെ ശാരീരികവും മാനസികവുമായ പുരോഗതി ലക്ഷ്യമാക്കി വിഭാവനം ചെയ്ത ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ ആദ്യഘട്ടമായ ക്ലിനിക്കല്‍ സൈക്കോളജി, കണ്‍സള്‍ട്ടിംഗ്‌ & ഹൈഡ്രോ തെറാപ്പി ബ്ലോക്ക്‌ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി. ഫെബ്രുവരി അവസാനവാരം അവയും തുറന്നുകൊടുക്കും – മന്ത്രി ഡോ. ബിന്ദു അറിയിച്ചു. .

കാസര്‍ഗോഡ് ജില്ലയിലെ ആരോഗ്യമേഖലയില്‍ പ്രത്യേക പരിഗണന നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന്‌ മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ജില്ലയില്‍ ഈ സര്‍ക്കാരിന്റ കാലയളവിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം രണ്ട് ന്യൂറോളജിറ്റ് തസ്തികകൾ സൃഷ്ടിച്ചത്. അതിനുള്ള പരിശോധനാ സംവിധാനവും ഇവിടെ ഒരുക്കി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയുടെ നിര്‍മ്മാണപ്രവൃത്തി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കാസര്‍ഗോഡ് ടാറ്റാ ട്രസ്റ്റ് ആശുപത്രി സ്ഥിതി ചെയ്യുന്നിടത്ത് സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കാൻ തീരുമാനിച്ച് റവന്യു വകുപ്പിന്റെ ഭൂമി ആരോഗ്യവകുപ്പിന് കൈമാറി. കെട്ടിടനിര്‍മ്മാണത്തിന് 23 കോടി രൂപ അനുവദിക്കുകയും ചെയ്‌തു.

കോവിഡ് കാലത്ത് മന്ദഗതിയിലായിരുന്ന കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഊര്‍ജ്ജിതമാക്കുകയും ആവശ്യമായ ഫണ്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. കിഫ്ബിയില്‍‌ നിന്നും മെഡിക്കല്‍ കോളേജിന്റെ അനുബന്ധപ്രവൃത്തികള്‍ക്കായി 160 കോടി രൂപ അനുവദിച്ചു. ജില്ലയില്‍  പുതിയ സര്‍ക്കാര്‍ നേഴ്സിംഗ് കോളേജ് അനുവദിക്കുകയും മെഡിക്കല്‍ കോളേജിന്റെ ഒ.പി. പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌തു. മെഡിക്കല്‍ കോളേജില്‍ കിടത്തിച്ചികിത്സ ആരംഭിക്കാൻ അടിയന്തിരനടപടി സ്വീകരിച്ചുവരികയാണ്.  

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിൽ പുതിയ ആളുകളെ ഉള്‍പ്പെടുത്താൻ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് 2022 ഡിസംബറില്‍ അപേക്ഷ ക്ഷണിച്ചതിൽ ഇരുപതിനായിരത്തില്‍പ്പരം പുതിയ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ദുരിതബാധിതരെ കണ്ടെത്താനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാൻ നിയോഗിച്ച വിദഗ്ദ്ധസമിതി നൽകിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉത്തരവായി പുറപ്പെടുവിച്ചു. ദുരിതബാധിത പട്ടികയിൽ ഉള്‍പ്പെടുത്താൻ പുതുതായി ലഭിച്ച അപേക്ഷകളിൽ  ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് തീരുമാനം കൈക്കൊള്ളാൻ നടപടി സ്വീകരിച്ചുവരികയാണ്. നിലവില്‍ പട്ടികയിൽ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അതത് സമയങ്ങളില്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള അര്‍ഹത ഉണ്ടായിരിക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

News Desk

Recent Posts

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും

നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…

2 days ago

വർഗീയത കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല – രമേശ് ചെന്നിത്തല

വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…

2 days ago

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…

2 days ago

ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…

4 days ago

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…

1 week ago

29 ാമത് ഐ.എഫ്.എഫ്.കെ: സംഘാടക സമിതി രൂപീകരിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…

1 week ago