വയനാട് ദുരന്ത അതിജീവനം: മാനസികാരോഗ്യം ഉറപ്പിക്കാന്‍ 121 അംഗ ടീം

ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ സേവനങ്ങള്‍

തിരുവനന്തപുരം: വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മാനസികാഘാതം ലഘൂകരിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂലൈ 30ന് തന്നെ ആരോഗ്യ വകുപ്പ് ജില്ലയില്‍ മാനസികാരോഗ്യ ദുരന്ത നിവാരണ ടീം രൂപീകരിക്കുകയുണ്ടായി. മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ ജില്ലയില്‍ ദുരന്തവുമായി ബന്ധപ്പെട്ട മുഴുവന്‍ മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ് പ്രത്യേകമായി നല്‍കുന്ന ഐഡി കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവാദമുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും, മാനസികാരോഗ്യ ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിച്ച് മാനസികാരോഗ്യ സേവനങ്ങള്‍ ഈ ടീം ഉറപ്പാക്കുന്നു. ഇതില്‍ സൈക്ക്യാട്രിസ്റ്റിന്റെ നേതൃത്വത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, സൈക്ക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന 121 അംഗീകൃത മാനസികാരോഗ്യ പ്രവര്‍ത്തകരേയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദുരന്തബാധിതരെ കേള്‍ക്കുവാനും അവര്‍ക്ക് ആശ്വാസം പകരുവാനുമാണ് ഇപ്പോള്‍ പ്രവര്‍ത്തകര്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഇതില്‍തന്നെ കുട്ടികളുടെയും പ്രായമായവരുടെയും, ഗര്‍ഭിണികളുടെയും പ്രശ്നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി വരുന്നുണ്ട്.

ദുരന്തം കാരണമുണ്ടായ മാനസികാഘാതത്തിന്റെ ലക്ഷണങ്ങള്‍ ആഴ്ചകള്‍ കഴിഞ്ഞും പ്രത്യക്ഷപെടാം എന്നുള്ളതുകൊണ്ടും, ഉല്‍കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്നങ്ങള്‍ ദീര്‍ഘകാലം നീണ്ടു നില്‍ക്കാം എന്നുള്ളതുകൊണ്ടും മാനസിക സാമൂഹിക ഇടപെടലുകള്‍ ഊര്‍ജിതമായി നിലനിര്‍ത്തുവാന്‍ സമഗ്രമായ മാനസികാരോഗ്യ പദ്ധതിയാണ് വയനാട്ടില്‍ ദുരന്ത ബാധിത മേഖലയില്‍ ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്നത്.

ഇതിനോടൊപ്പം മാനസിക അസ്വാസ്ഥ്യം ഉള്ളവരെയും, മാനസിക രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരെയും കണ്ടെത്തി ചികിത്സ മുടങ്ങാതെ നല്‍കുവാനും ടീമുകള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. മദ്യം/ലഹരി ഉപയോഗത്തിന്റെ ‘വിത്ത്‌ഡ്രോവല്‍’ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി പ്രത്യേകം ചികിത്സയും നല്‍കി വരുന്നു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാര്‍, മറ്റ് റെസ്‌ക്യൂ മിഷന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള മാനസിക സമ്മര്‍ദ നിവാരണ ഇടപെടലുകളും ഈ ടീം നല്‍കുന്നതാണ്.

ഇതുകൂടാതെ ‘ടെലി മനസ്സ്’ 14416 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെ 24 മണിക്കൂറും മാനസിക പ്രശ്നങ്ങള്‍ക്കും, വിഷമങ്ങള്‍ക്കും സംശയ നിവാരണങ്ങള്‍ക്കും സേവനം ലഭ്യമാണ്.

News Desk

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് തയ്യാറാക്കിയ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി.…

1 day ago

ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നാവികസേനയുടെ പങ്ക് നിര്‍ണായകം: രാഷ്ട്രപതി

സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന…

2 days ago

ഒളിമ്പിക്‌സ് വേദി അഹമ്മദാബാദിന് നൽകണമെന്ന് ‘ലെറ്റർ ഓഫ് ഇന്റന്റ്’ കൈമാറി; തിരുവനന്തപുരത്തെ ജനങ്ങളെ പറ്റിക്കാൻ ബി.ജെ.പി നടത്തുന്നത് ചെപ്പടിവിദ്യ: മന്ത്രി വി ശിവൻകുട്ടി

2036-ലെ ഒളിമ്പിക്‌സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും…

3 days ago

നേവൽഡേ ഓപ്പറേഷൻ ഡെമോ: നഗരത്തിൽ 03.11.25ന് ഗതാഗത ക്രമീകരണം

സ്റ്റീൽ കുപ്പിയും കുടയും  കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…

4 days ago

തദ്ദേശ തിരഞ്ഞെടുപ്പ് :  വോട്ടിങ് മെഷീനുകൾ  വിതരണ കേന്ദ്രങ്ങളിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി.  ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …

6 days ago

ചികിത്സാ രംഗത്ത് പുത്തൻ നേട്ടവുമായി അങ്കമാലി അപ്പോളോ അഡ്ലക്സ്; അതിസങ്കീർണ  മഹാധമനി ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത് നാല് പേർ

അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ്  വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…

1 week ago