ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍ പങ്കുചേര്‍ന്ന് മന്ത്രി വീണാ ജോര്‍ജും

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് ഉണ്ടായിട്ടുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതായത് അത്രയും ശതമാനം ആന്റിബയോട്ടിക്കുകള്‍ ആവശ്യമില്ലാതെ കഴിച്ചിരുന്നത് നിര്‍ത്തലാക്കുവാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സാധിച്ചു. മെഡിക്കല്‍ സ്റ്റോറുകള്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു. ജനങ്ങള്‍ക്ക് അത് വിളിച്ചറിയിക്കാവുന്ന ടോള്‍ ഫ്രീ നമ്പര്‍ നല്‍കുകയും അവബോധം ശക്തമാക്കുകയും ചെയ്തു. എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അമിതവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് യു.പി.എച്ച്.സി.യില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

എഎംആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആര്‍ അവബോധ പരിപാടികള്‍ നടത്തി വരുന്നു. ആന്റിബയോട്ടിക് സാക്ഷരതയില്‍ ഏറ്റവും പ്രധാനമാണ് അവബോധം. സാധാരണക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് വീടുകളിലെത്തി ബോധവത്ക്കരണം നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം മന്ത്രി വീണാ ജോര്‍ജും പങ്കു ചേര്‍ന്നു. വട്ടിയൂര്‍ക്കാവ് പ്രദേശത്തെ വീടുകളില്‍ മന്ത്രി നേരിട്ടെത്തിയാണ് അവബോധം നല്‍കിയത്. ഈ ഒരാഴ്ച കൊണ്ട് പരമാവധി വീടുകളില്‍ ആശ പ്രവര്‍ത്തകരെത്തി അവബോധം നല്‍കും.

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഇതുള്‍ക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ഈ ബോധവത്ക്കരണവും.

ഈ പോരാട്ടത്തില്‍ നമുക്കും പങ്കാളികളാകാം

1. മിക്ക അണുബാധകളും വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അതിനാല്‍ ഇവയ്‌ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല.
2. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാവു.
3. ഒരിക്കലും ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.
4. ചികിത്സ കഴിഞ്ഞ് ശേഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഒരിക്കലും ഉപയോഗിക്കരുത്.
5. ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകള്‍ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.
6. രോഗശമനം തോന്നിയാല്‍ പോലും ഡോക്ടര്‍ നിര്‍ദ്ദേശിച്ച കാലയളവിലേക്ക് ആന്റിബയോട്ടിക് ചികിത്സ പൂര്‍ത്തിയാക്കണം.
7. ആന്റിബയോട്ടിക്കുകള്‍ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടാന്‍ പാടില്ല.
8. അണുബാധ തടയുന്നതിന് പതിവായി കൈകള്‍ കഴുകുക.
9. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
10. പ്രതിരോധ കുത്തിവയ്പുകള്‍ കാലാനുസൃതമായി എടുക്കുക

വി.കെ. പ്രശാന്ത് എംഎല്‍എ, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍, കാര്‍സാപ്പ് കണ്‍വീനര്‍ ഡോ. അരവിന്ദ്, കൗണ്‍സിലര്‍ പാര്‍വതി ഐഎം, തിരുവനന്തപുരം എഎംആര്‍ നോഡല്‍ ഓഫീസര്‍ ഡോ ആതിരാ മോഹന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണിമ ജി.കെ, ആശാ വര്‍ക്കര്‍ അനിത വിജയന്‍, ഹരിതകര്‍മ്മ സേനാംഗങ്ങളായ മോളി, രമ എന്നിവര്‍ മന്ത്രിയോടൊപ്പം വീടുകളിലെത്തി ബോധവത്ക്കരണത്തില്‍ പങ്കാളികളായി.

News Desk

Recent Posts

പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ ഉദ്ഘാടനം ചെയ്തു

കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…

12 hours ago

രോഗി എത്തി രണ്ട് മിനിറ്റിനുള്ളില്‍ ചികിത്സ; വൈകിയെന്ന ആരോപണം തള്ളി സിസിടിവി ദൃശ്യങ്ങള്‍

വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…

18 hours ago

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…

20 hours ago

ഫിസിയോതെറാപ്പിസ്റ്റ്കൾക്ക്  ഡോക്ടർ പ്രിഫിക്സ്  ഉപയോഗിക്കാം  –  കേരളാ ഹൈക്കോടതി

തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത്‌ കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…

1 day ago

പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരം :- ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള  അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…

1 day ago

ഡിഷ് ട്രാക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം നടന്നു

തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…

1 day ago