സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ആഗോള അയ്യപ്പസംഗമം സെപ്റ്റംബർ മൂന്നാം വാരം സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേവസ്വം ബോർഡ് 75 ആം വാർഷികത്തിന്റെ കൂടി ഭാഗമായി പമ്പയിൽ നടത്തുന്ന ആഗോള അയ്യപ്പസംഗമത്തിൽ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർ പങ്കെടുക്കും. തത്വമസി എന്ന വിശ്വമാനവതയുടെ സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കാനും, ശബരിമലയെ ഒരു ദൈവീക, പാരമ്പര്യ, സുസ്ഥിര ആഗോള തീർത്ഥാടന കേന്ദ്രമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംഗമം നടത്തുന്നത്.
കേരളത്തിൽ ആദ്യമായി നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അയ്യപ്പ ഭക്തരെ ഒരു വേദിയിൽ കൊണ്ടുവരും. 3000 പ്രതിനിധികളെ സംഗമത്തിൽ പ്രതീക്ഷിക്കുന്നു. വിവിധ സെഷനുകൾ ഒരു ദിവസത്തെ ആഗോള സംഗമത്തിൽ ഉണ്ടാകും. സെപ്റ്റംബർ 16 നും 21 നും ഇടയിലാണ് പരിപാടി ഉദ്ദേശിക്കുന്നത്. തീയതി പിന്നീട് തീരുമാനിക്കും. ക്ഷണിക്കപ്പെട്ട പ്രതിനിധികൾക്ക് തലേദിവസം എത്തി ദർശനം നടത്തിയ ശേഷം സംഗമത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകുന്ന രൂപത്തിലാണ് കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത്. 3000 പേർക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കുന്നതിനായി പമ്പയിൽ തീർത്ഥാടന കാലത്ത് ഉണ്ടാക്കുന്നതുപോലെയുള്ള ഒരു ജർമ്മൻ പന്തൽ നിർമ്മിക്കും. ഭാവിയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വലിയ കൂട്ടായ്മകളുടെ തുടക്കമാണ് ഈ സംഗമമെന്നു മന്ത്രി പറഞ്ഞു.
കഴിഞ്ഞ മണ്ഡല-മകരവിളക്ക് മഹോത്സവങ്ങളിൽ ഏകദേശം 53 ലക്ഷത്തിലധികം തീർത്ഥാടകർക്ക് പരാതികളില്ലാതെ ദർശനം ഉറപ്പാക്കാൻ കഴിഞ്ഞത് പൊതുവേ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഈ അനുഭവം മുൻനിർത്തി ഭാവിയിൽ ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംഗമത്തിൽ പങ്കെടുക്കുന്ന ഭക്തർക്ക് നിലവിലുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പങ്കുവെക്കാനും ക്രിയാത്മകമായ നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കാനും അവസരം നൽകും. നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ വികസന പദ്ധതികൾ ഭക്തരുടെ മുന്നിൽ അവതരിപ്പിക്കുകയും, അവയെക്കുറിച്ച് അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്യും.
മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയായും മറ്റ് മന്ത്രിമാർ രക്ഷാധികാരികളായും, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി പരിപാടിയുടെ സ്വാഗത സംഘം രൂപീകരിക്കും. ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസ സമൂഹത്തിലെ മറ്റ് വിഭാഗങ്ങളെയും ഉൾപ്പെടുത്തും. പരിപാടി കൃത്യമായി ആസൂത്രണം ചെയ്യാൻ ഒരു സ്റ്റിയറിംഗ് കമ്മിറ്റിയെയും ഒരു ജനറൽ കമ്മിറ്റിയെയും വിവിധ സബ് കമ്മിറ്റികളെയും രൂപീകരിക്കാൻ ഇന്നത്തെ ആലോചനാ യോഗം തീരുമാനിച്ചു. പത്തനംതിട്ട കളക്ടറുടെ നേതൃത്വത്തിൽ ഒരാഴ്ചയ്ക്കകം പമ്പയിൽ ഒരു സ്വാഗത സംഘം വിളിച്ചു ചേർക്കാനും പരിപാടിയുടെ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ആഗോള അയ്യപ്പസംഗമത്തിന്റെ ആലോചന യോഗം മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിൽ ചേർന്നു. മന്ത്രിമാരായ സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, എം എൽ എ മാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജെനീഷ് കുമാർ, എഡിജിപി എസ് ശ്രീജിത്ത്, പത്തനംതിട്ട കളക്ടർ എസ് പ്രേം കൃഷ്ണൻ, ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്, കമ്മീഷണർ പ്രകാശ് സി വി, വിവിധ വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം: തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. സ്വാഗത…
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവന്‍ ഗാന്ധിസ്മരണകളുണര്‍ത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തില്‍ അധ്യാപകരും…
കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്,…
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചടങ്ങ് പ്രിയ നടനോടുള്ള കേരള ജനതയുടെ സ്‌നേഹാദരവുകളാൽ അലംകൃതമായി മലയാള ചലച്ചിത്രലോകത്തിന്റെ അഭിമാനതാരം മോഹൻലാൽ രാജ്യത്തെ…
തിരുവനന്തപുരം: ഡീലിമിറ്റേഷന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന വാര്‍ഡ് വിഭജനം അസന്തുലിതവും വിവേചനപരവുമാണെന്നും അടിയന്തരമായി പുനപരിശോധന നടത്തി ആവശ്യമായ തിരുത്തല്‍…
അക്ഷര കൂട്ടായ്മയും പാട്ടുപകലും നടന്നുആദ്യാക്ഷരങ്ങൾ കുറിച്ച കുരുന്നുകൾക്കും വിദ്യാർത്ഥികൾക്കും പ്രോത്സാഹനം നൽകാൻ കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത്…