നിയമസഭാ സമ്മേളനം പിരിയുന്ന വിവരം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിക്കാനാണ് സർക്കാരിന്റെ തീരുമാനം. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ക്ഷണിക്കുകയും ചെയ്യും.
സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അനുമതി നൽകിയതോടെ സർക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നു എന്നാണ് സൂചന. അടുത്ത മന്ത്രിസഭായോഗം ചേർന്ന് നിയമസഭാ ചേരുന്നത് ചർച്ച ചെയ്യും. നേരത്തെ ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കി പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ തുടർച്ചയായി സഭ ചേരാൻ ആയിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ സത്യപ്രതിജ്ഞ വിഷയത്തിൽ ഗവർണർ വഴങ്ങിയതോടെ ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറുകയായിരുന്നു. ഏഴാം സമ്മേളനം ഡിസംബറിൽ അവസാനിച്ചിരുന്നുവെങ്കിലും സഭ പിരിയുന്നതായി മന്ത്രിസഭ ചേർന്ന് ഗവർണറെ അറിയിച്ചിരുന്നില്ല. നയപ്രഖ്യാപനം ഒഴിവാക്കി ജനുവരിയിൽ സഭാ സമ്മേളനം തുടരുകയായിരുന്നു ഇതിലൂടെ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അനുകൂല നിലപാട് എടുത്തതോടെ സർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. പുതിയ സമ്മേളനം ചേരാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഏഴാം സമ്മേളനം പിരിഞ്ഞതായി ഗവർണറെ സർക്കാർ അറിയിക്കുന്നത്.