വിഷു ദിനത്തിൽ ശബരിമലയിൽ വൻ ഭക്തജനതിരക്ക്. വിഷുക്കണി ദർശിച്ച് ശരണ മന്ത്രങ്ങളുമായി ഭക്തലക്ഷങ്ങൾ.
വിഷുദിനത്തിൽ പുലർച്ചെ 4 മണിക്കാണ് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്നു. തുടർന്ന് ശ്രീകോവിലിനുള്ളിലെ വിളക്കുകൾ തെളിച്ച് അയ്യപ്പസ്വാമിയെ വിഷുക്കണി കാണിച്ചു. ശേഷം ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരമൊരുക്കി.4 മണി മുതൽ 7 മണി വരെയായിരുന്നു വിഷുക്കണി ദർശനം. ക്ഷേത്രതന്ത്രിയും മേൽശാന്തിയും അയ്യപ്പഭക്തർക്ക് വിഷു കൈനീട്ടവും നൽകി. 4.30ന് മഹാഗണപതി ഹോമവും നടന്നു. 7.30 ന് ഉഷപൂജയും 8 മണി മുതൽ 11-30 വരെ നെയ്യഭിഷേകവും ഉണ്ടായിരുന്നു. വിഷുക്കണി ദർശനത്തിനായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ചീഫ് എഞ്ചീനിയർ അജിത്ത് കുമാർ, ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ്, എന്നിവർ എത്തിയിരുന്നു.വൻ ഭക്തജന തിരക്കാണ് വിഷു ദിനത്തിൽ ശബരിമലയിൽ അനുഭവപ്പെട്ടത്.